രാഷ്ട്രീയപ്പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങൾ; പ്രധാന വിഷയമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്ന വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. അങ്ങേയറ്റം പ്രാധാന്യമുള്ള വിഷയമാണിതെന്നും പൊതുതാത്പര്യമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുയർന്നപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ. കേസ് വീണ്ടും മാർച്ചിൽ പരിഗണിക്കും.
രാഷ്ട്രീയപ്പാർട്ടികളുടെ സൗജന്യവാഗ്ദാനങ്ങൾക്കെതിരേ പൊതുതാത്പര്യ ഹർജി നൽകിയ ബി.ജെ.പി.നേതാവുകൂടിയായ അഭിഭാഷകൻ അശ്വിനി ഉപാധ്യായ് ആണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനുമുന്നിൽ വ്യാഴാഴ്ച കേസ് പരാമർശിച്ചത്. വോട്ടർമാരെ ആകർഷിക്കാൻ വൻതോതിലുള്ള പ്രഖ്യാപനങ്ങളാണ് പാർട്ടികൾ നടത്തുന്നതെന്നും അതുതടയാൻ കോടതി ഇടപെടണമെന്നും ഹർജിക്കാരൻ പറഞ്ഞു. അഞ്ചുനിയമസഭാ തിരഞ്ഞെടുപ്പുകൾ വരികയാണ്. സൂര്യനും ചന്ദ്രനും ഒഴികെയുള്ളതെല്ലാം പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങളിലുണ്ടെന്നും അതെല്ലാം അഴിമതി പ്രവർത്തനങ്ങൾക്ക് തുല്യമാണെന്നും ഹർജിക്കാരൻ വാദിച്ചു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകണമെന്നാണ് ആവശ്യം. പൊതുഖജനാവിലെ പണം വെച്ചുള്ള ഇത്തരം വാഗ്ദാനങ്ങൾ അവസാനിപ്പിക്കണമെന്നും പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതടക്കം കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഹർജിയിന്മേൽ 2022 ജനുവരിയിൽത്തന്നെ സുപ്രീംകോടതി കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസയച്ചിരുന്നതാണ്. ഗൗരവമുള്ള വിഷയമാണിതെന്ന് അന്ന് കേസ് പരിഗണിച്ച മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടിരുന്നു.
ബിഹാർ
എൻ.ഡി.എ.: 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം. ആദ്യഘട്ടത്തിൽ 21 ലക്ഷം സ്ത്രീകൾക്ക് പണം കൈമാറി.
മഹാസഖ്യം: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ അലവൻസ്, 200 യൂണിറ്റ് സൗജന്യ വൈദ്യുതി
മഹാരാഷ്ട്ര
കോൺഗ്രസ്: സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, സൗജന്യ ബസ് യാത്ര.
ബി.ജെ.പി. മുന്നണി: -21നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ.
ഡൽഹി
ബി.ജെ.പി.: സ്ത്രീകൾക്ക് മഹിളാ സമൃദ്ധി യോജന പദ്ധതിപ്രകാരം 2500
എ.എ.പി.: സ്ത്രീകൾക്ക് പണം, വയോധികർക്ക് സൗജന്യ ചികിത്സ
ഹരിയാണ
ബി.ജെ.പി.: 24 വിളകൾക്ക് താങ്ങുവില, ലക്ഷ്മിയോജനയിൽ സ്ത്രീകൾക്ക് മാസം 2100 രൂപ
കോൺഗ്രസ്: സ്ത്രീകൾക്ക് മാസം 2000
Content Highlights: Supreme Court to hear case on freebies promised by political parties during elections