വിപണിവിലയ്ക്ക് ഡീസല്‍; കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്‍കിട ഉപഭോക്താക്കളില്‍നിന്ന് ഡീസലിന് അമിതനിരക്ക് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നിലപാട് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എണ്ണക്കമ്പനികളുമായി കരാര്‍ ഒപ്പിട്ടതെന്തിനാണെന്ന് കെ.എസ്.ആര്‍.ടി.സി.യോട് ചോദിച്ച സുപ്രീംകോടതി, ഇത് തങ്ങള്‍ ഇടപെടേണ്ട വിഷയമല്ലെന്നും വ്യക്തമാക്കി.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡീസല്‍ ലിറ്ററിന് 21 രൂപവരെ അധികമായി ഈടാക്കുന്നെന്ന് കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. ദിനേശും അഡ്വ. ദീപക് പ്രകാശും അറിയിച്ചു. പത്തുവര്‍ഷം മുന്‍പ് ഒപ്പുവെച്ച കരാറല്ല, വിലനിര്‍ണയരീതിയാണ് തങ്ങള്‍ ചോദ്യംചെയ്യുന്നതെന്നും കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി. അന്താരാഷ്ട്രവിപണിയില്‍ വില കുറവുള്ളപ്പോഴും എന്തടിസ്ഥാനത്തിലാണ് ഇത്രയും കൂടിയ തുക ഈടാക്കുന്നതെന്ന് അറിയണമെന്ന് ദിനേശ് ആവശ്യപ്പെട്ടു.
എന്നാല്‍, കരാറില്‍ വിലനിര്‍ണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലേയെന്ന് ചോദിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച്, ഇത് കോടതി ഇടപെടേണ്ട വിഷയമല്ലെന്നും വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി.ക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് വിധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. സിംഗിള്‍ ബെഞ്ചിന് ഇക്കാര്യത്തില്‍ യാതൊരു അധികാരവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആര്‍ബിട്രേഷന് (മധ്യസ്ഥ നടപടി) പോകാന്‍ നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവാണ് കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ആര്‍ബിട്രേഷന് പോയാല്‍ എന്താണ് കുഴപ്പമെന്ന് സുപ്രീംകോടതി ചോദിച്ചു. ഇത് ആര്‍ബിട്രേഷന്റെ വിഷയമല്ലെന്ന് കെ.എസ്.ആര്‍.ടി.സി. വാദിച്ചു.
എണ്ണക്കമ്പനികളുടെ നിലപാടിനെതിരേ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി 2022-ലും സുപ്രീംകോടതി തള്ളിയിരുന്നു. ഇന്ധനവില നിശ്ചയിക്കാന്‍ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍നിന്ന് അനുകൂല വിധി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിദിനം നാല് ലക്ഷത്തിലേറെ ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി. വാങ്ങുന്നത്.
Content Highlights: Supreme Court dismisses KSRTC petition challenging high diesel prices charged by oil companies