‘നിങ്ങളുടേത് നല്ല സമീപനം’; സുപ്രീംകോടതിയിൽ പരസ്പരം പുകഴ്ത്തി ചീഫ് ജസ്റ്റിസും സി.ജെ.പിയും

#ന്യൂസ് ഡെസ്ക്
സി.ജെ.പി കോ-കൺവീനർ സൗരഭ് ദാസ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  | Photo: PTI
സി.ജെ.പി കോ-കൺവീനർ സൗരഭ് ദാസ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | Photo: PTI

ന്യൂഡൽഹി: സുപ്രീംകോടതിയിൽ പരസ്പരം പ്രശംസിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോ-കൺവീനർ സൗരഭ് ദാസും. നീറ്റ്-യു.ജി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കുന്നത് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. ചീഫ് ജസ്റ്റിസിന്റെ മുൻപത്തെ ഒരു പരാമർശത്തോടുള്ള പരിഹാസരൂപേണയുള്ള പ്രതികരണമെന്ന നിലയിലാണ് സി.ജെ.പി രൂപംകൊണ്ടത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ റദ്ദാക്കിയത്. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. കേസുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസുകൾ കോടതി ഒഴിവാക്കിയതോടെ സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ മാർച്ച് സമരക്കാർ പിൻവലിച്ചു. കേസുകൾ പിൻവലിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറിയെന്ന് ആരോപിച്ചായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, സുപ്രീം കോടതി നടപടിയോടെ സമരം അവസാനിപ്പിക്കുന്നതായി സൗരവ് ദാസ് പറഞ്ഞു.

‘കേന്ദ്രസർക്കാരിന്റെ അനുകൂലമായ ഉറപ്പുകൾക്ക് നന്ദി അറിയിക്കുന്നു. ഇന്നത്തെ കോടതി ഉത്തരവിനെ ഞങ്ങൾ പൂർണമായും ബഹുമാനിക്കുന്നു. അതുകൊണ്ട് സെപ്റ്റംബർ അഞ്ചിലെ പ്രതിഷേധ മാർച്ച് പിൻവലിക്കാൻ തീരുമാനിച്ചു. കോടതി ഉത്തരവ് കൃത്യമായി നടപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരും ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ സി.ജെ.പിയുടെ സൗരവ് ദാസ് വ്യക്തമാക്കി.

ഇതിന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. നിങ്ങളും വളരെ നല്ലൊരു സമീപനമാണ് കോടതിയിൽ കാണിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇരുവിഭാഗത്തിന്റെയും നല്ല നിലപാടിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. യുവാക്കൾക്ക് സഹായകരമാകുന്ന സൃഷ്ടിപരമായ അന്തരീക്ഷം ഉണ്ടായതിൽ കോടതിക്ക് നന്ദിയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറ‍ഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ പഴയൊരു പരാമർശമാണ് സി.ജെ.പി. രൂപവത്കരണത്തിന് കാരണമായത്. മേയ് 15-ന് ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയത്. ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ പരാമർശങ്ങൾ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയിരുന്നു. എന്നാൽ, താൻ രാജ്യത്തെ യുവാക്കളെ വിമർശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് പറഞ്ഞിരുന്നു.