'ഞങ്ങൾ അന്ധരല്ല, ഉദാരതകാട്ടാൻ ഉദ്ദേശിക്കുന്നില്ല'; പതഞ്ജലിയുടെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീംകോടതി

ബാബാ രാംദേവ് | Photo: ANI
ബാബാ രാംദേവ് | Photo: ANI

ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാ​ദക്കേസിൽ യോഗഗുരു ബാബാ രാംദേവ് സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങൾ അന്ധരല്ലെന്നും ഉദാരതകാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്‌സനുദ്ദീൻ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്. 

കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മര്‍ദത്തിലായതിനാലാണ് മാപ്പപേക്ഷ നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. 

കോടതിയ്ക്കു നൽകുന്നതിനു മുൻപായി മാപ്പപേക്ഷ മാധ്യമങ്ങൾക്ക് അയച്ചെന്ന് ജസ്റ്റിസ് ഹിമ കോലിയും അപേക്ഷയിലൂടെ പതഞ്ജലി കോടതിയെ കബളിപ്പിക്കുകയൊണെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ളയും വിമർശിച്ചു. ആരാണ് ഈ മാപ്പപേക്ഷ തയ്യാറാക്കിയതെന്ന് താൻ അത്ഭുതപ്പെടുന്നതായി ജസ്റ്റിസ് അമാനുള്ള പറഞ്ഞു. ചൊവ്വാഴ്ചയാണ് രാംദേവ് സുപ്രീം കോടതിയിൽ വീണ്ടും മാപ്പപേക്ഷ നൽകിയത്. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവിനെയും പതഞ്ജലി എം.ഡി. ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു.കോടതിയലക്ഷ്യക്കേസിൽ ഇരുവരും എഴുതിനൽകിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി അന്ന് തള്ളുകയും ചെയ്തിരുന്നു. തീർത്തും ധിക്കാരപരമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുതിയ സത്യവാങ്മൂലം നൽകാനും കേസ് ഇനി പരിഗണിക്കുന്ന ഏപ്രിൽ പത്തിന് നേരിട്ട് ഹാജരാകാനും ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. 

സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കഴിഞ്ഞദിവസമാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഏത് ആരോ​ഗ്യസേവനമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും എന്നാൽ, ഏതെങ്കിലും ചികിത്സാസംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ആയിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.

രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നൽകില്ലെന്ന് നവംബർ 21-ന് പതഞ്ജലി സുപ്രീംകോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐ.എം.എ. നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് പതഞ്ജലി മേധാവികളെ ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ച് വിളിച്ചുവരുത്തിയത്.

പരസ്യങ്ങൾ നൽകിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് പതഞ്ജലി നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചില്ല. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് (മാജിക് റെമഡീസ്) നിയമം പഴഞ്ചനാണെന്ന ബാലകൃഷ്ണയുടെ വാദം സുപ്രീംകോടതി തള്ളി. രാജ്യത്തെ എല്ലാ കോടതികളുടെയും ഉത്തരവുകളെ ബഹുമാനിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

സത്യവാങ്മൂലത്തോടൊപ്പം വെച്ചിട്ടുണ്ടെന്ന് പറയുന്ന രേഖകൾ പിന്നീടാണ് നൽകിയത്. തീർത്തും കള്ളസാക്ഷ്യമാണിത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്ന് കോടതി പറഞ്ഞദിവസം രാംദേവ് പത്രസമ്മേളനം നടത്തിയതിനെയും ബെഞ്ച് വിമർശിച്ചു. എന്നാൽ, ഇപ്പോൾ തങ്ങൾ പാഠംപഠിച്ചുവെന്ന് രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ, പാഠംപഠിപ്പിക്കാനല്ല തങ്ങളിവിടെ ഇരിക്കുന്നതെന്ന് ജസ്റ്റിസ് ഹിമ കോലി വ്യക്തമാക്കി. കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമായിരുന്നു നൽകേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Supreme Court again rejected Patanjali's apology