നിരോധിത സാറ്റലൈറ്റ് ഫോണുമായി ശ്രീനഗറിൽ യുഎസ് പൗരനുൾപ്പെടെ 2 പേർ പിടിയിൽ

ശ്രീനഗർ: നിരോധിത സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് ശ്രീനഗർ വിമാനത്താവളത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജെഫ്രി സ്കോട്ട് പ്രഥർ എന്ന അമേരിക്കൻ പൗരനും ഹൽദാർ കൗശിക് എന്ന കൊൽക്കത്ത സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. കൊൽക്കത്ത സ്വദേശിയോടൊപ്പമാണ് ജെഫ്രി സ്കോട്ട് പ്രഥർ യാത്ര ചെയ്തിരുന്നതെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതിന് ടെലികോം വകുപ്പിൽ നിന്ന് മുൻകൂർ ലൈസൻസ് ആവശ്യമാണ്. യാത്രാവേളയിൽ സാറ്റലൈറ്റ് ഫോൺ കൈവശം വെക്കുന്ന ഏതൊരാളും ഇന്ത്യയിൽ എത്തുമ്പോൾ അത് വെളിപ്പെടുത്തേണ്ടതാണ്. അധികൃതർ ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് സൂചന.
പാകിസ്താൻ പിന്തുണയുള്ള ഭീകരവാദികൾ ആശയവിനിമയത്തിനായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചേക്കാം എന്നതിനാൽ ജമ്മു കശ്മീരിൽ ഇതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്.
Content Highlights: Two individuals detained at Srinagar Airport for unauthorized satellite phone possession in 2026., US citizen Jeffrey Scott Prather and Kolkata resident Haldar Kaushik taken into custody., Indian law mandates prior license from the Department of Telecommunications for satellite phone usage., Strict security measures in Jammu and Kashmir due to potential terror communication threats.