നേതാക്കളുടെ സമ്മർദം, പ്രധാനമന്ത്രിയാകാൻ സമ്മതംമൂളി, രാഹുലിന്റെ പ്രിയങ്കയുടെയും പ്രതികരണം; ഒടുവിൽ ‘NO’ അങ്ങനെ മൻമോഹന്റെ വരവ്‌

#ന്യൂസ് ഡെസ്ക്
സോണിയയും മന്‍മോഹന്‍ സിങ്ങും (ഫയല്‍ ചിത്രം)|ഫോട്ടോ:PTI
സോണിയയും മന്‍മോഹന്‍ സിങ്ങും (ഫയല്‍ ചിത്രം)|ഫോട്ടോ:PTI

ന്യൂഡൽഹി: 2004-ൽ കോൺഗ്രസിന് അധികാരം ലഭിച്ചു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തീരുമാനം മറ്റൊന്നായിരുന്നു മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. ഇതാദ്യമായി അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് സംബന്ധിച്ച് സോണിയ ഗാന്ധി തന്നെ തുറന്നുപറയുകയാണ്. 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ ആത്മകഥയിലൂടെ. പുസ്തകം ഇന്ന് വിപണിയിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിന് തനിക്ക് കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടായ സമ്മർദ്ദവും മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും ഭാഗത്ത്നിന്നുണ്ടായ പ്രതികരണവും ഒടുക്കം തീരുമാനത്തിലേക്കും എത്തിയത് സംബന്ധിച്ചും സോണിയ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ മക്കളുമായി താൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായി സോണിയ പുസ്തകത്തിൽ പറഞ്ഞു.

പാർട്ടി വിജയം കൈവരിച്ചാൽ ഞാൻ ആ പദവി സ്വീകരിക്കുമോ എന്ന് അവരിലൊരാൾ എന്നോട് നേരിട്ട് ചോദിച്ചു. 'ഒരിക്കലുമില്ല!' ഞാൻ ഏതാണ്ട് രോഷത്തോടെ പറഞ്ഞു. ഉറപ്പാണോയെന്ന് അവർ എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് പറയിപ്പിച്ചു. എനിക്ക് വ്യക്തതയുണ്ടെന്ന് ഞാൻ പറഞ്ഞു. മുത്തശ്ശിയുടെ വധത്തിന്റെയും പിതാവിന്റെ ക്രൂരമായ കൊലപാതകത്തിന്റെയും ആഘാതത്തിലൂടെയാണ് അവർ ജീവിച്ചിരുന്നത്. അവരുടെ മനസ്സിൽ, ആ പദവി വഹിക്കുന്നത് വലിയ അപകടസാധ്യതയുള്ള ഒന്നായിരുന്നു. എന്റെ മറുപടി അവർക്ക് ആശ്വാസമായി. പരസ്യമായി എന്റെ അഭിപ്രായങ്ങൾ ആദ്യമായി അവരുമായി പങ്കുവെച്ചപ്പോൾ എനിക്കും ഭാരം കുറഞ്ഞതായി തോന്നി. ആ വിഷയം അവിടെ അവസാനിച്ചു. ഞാൻ മറ്റാരോടും ഇതിനെക്കുറിച്ച് സംസാരിച്ചില്ല. തിരഞ്ഞെടുപ്പ് ചർച്ചകളിൽ പലവട്ടം ഈ ചോദ്യം ഉയർന്നെങ്കിലും ഞാൻ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

എന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകരോട് പോലും പറയാതെ, ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കോൺഗ്രസ് സർക്കാരുകളുടെ മുൻകാല പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകേണ്ട വ്യക്തിക്ക് സർക്കാരിൽ ദീർഘകാലത്തെ പരിചയവും കളങ്കമില്ലാത്ത സത്യസന്ധതയും ഉണ്ടായിരിക്കണമെന്ന് എനിക്ക് ഉള്ളിൽ തോന്നിയിരുന്നു.

അടുത്ത ദിവസം മുന്നണി നേതാക്കളുമായി ഒരു യോഗം നിശ്ചയിച്ചിരുന്നു. പിറ്റേ ഉച്ചയ്ക്ക് അവർ എന്റെ വീട്ടിലേക്ക് വരും. 'ഞങ്ങൾ സോണിയയെ അനുനയിപ്പിക്കും,എന്നാണ് എന്റെ സഹപ്രവർത്തകർക്ക് മുന്നണി നേതാക്കൾ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ സ്ലോ മോഷൺ സിനിമ പോലെ, ഞാൻ കണ്ട രംഗങ്ങൾ എന്റെ മനസ്സിന്റെ കണ്ണിലൂടെ കടന്നുപോകുന്നു. എന്റെ വീടിന്റെ ഒരറ്റത്തുള്ള രാജീവിന്റെ കോൺഫറൻസ് മുറിയിൽ മുന്നണിയിലെ നേതാക്കളുമായി ചർച്ച നടന്നു. അവരുടെ നിർദ്ദേശത്തിന് സമ്മതം മൂളാൻ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് അവർ ഒരു മണിക്കൂറിലധികം മാറിമാറി സംസാരിച്ചുകൊണ്ടിരുന്നു, ഞാൻ നിശബ്ദയായി കേട്ടിരുന്നു. ചർച്ച അവസാനിക്കുമ്പോൾ, അവർ ഒരു മറുപടിക്കായി എന്റെ മുഖത്തേക്ക് നോക്കി. എനിക്ക് കഴിയുന്നത്ര ധൈര്യം സംഭരിച്ച് ഞാൻ എന്റെ നിലപാട് പറഞ്ഞു.

അവരിൽനിന്ന് വലിയ ബഹളമുണ്ടായി, അവർ എഴുന്നേറ്റു എന്റെ അടുത്തേക്ക് നീങ്ങി. ഞാനും എഴുന്നേറ്റു. അവർ എന്നെ വളഞ്ഞു. 'ഞങ്ങൾ ഇത് അംഗീകരിക്കില്ല, അവരിൽ ഒരാൾ പറഞ്ഞു. നിങ്ങൾക്ക് ഈ തീരുമാനം എടുക്കാൻ കഴിയില്ല, മാഡം, മറ്റൊരാൾ പറഞ്ഞു. അവരുടെ സ്വരം ശക്തമായിരുന്നു, ഏതാണ്ട് കടുത്തതും. 'ഞങ്ങൾ 'ഇല്ല' എന്ന മറുപടി സ്വീകരിക്കില്ല.' ഞാൻ ഞെട്ടിപ്പോയി. എന്നെ കീഴ്‌പ്പെടുത്തിയതായി എനിക്ക് തോന്നി. 'ശരി' ഞാൻ കേൾക്കാവുന്നതിലും താഴ്ന്ന ശബ്ദത്തിൽ മന്ത്രിച്ചു. അവിടെ കൂടിയിരുന്ന നേതാക്കൾ ഞാൻ വാചകം പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ, ഓരോരുത്തരായി എന്നെ അഭിനന്ദിക്കാൻ തുടങ്ങി.

അവർ സമ്മതിച്ചിരിക്കുന്നു, അവർ സമ്മതിച്ചിരിക്കുന്നു, ആരൊക്കെയോ പറഞ്ഞു. ഞാൻ കൂടുതൽ ഒന്നും പറയാൻ കഴിയാതെ മരവിച്ചതുപോലെ അവിടെ നിന്നു. നേതാക്കൾ സംതൃപ്തരായി മടങ്ങി- സോണിയ പുസ്തകത്തിൽ കുറിച്ചു.

ഈ സമയം കോൺഫറൻസ് റൂമിന്റെ ജനാലകൾ തുറന്നിട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല, പ്രിയങ്ക അതിലൊരു ജനാലയ്ക്ക് പുറത്തുനിൽക്കുന്നുണ്ടായിരുന്നു. താൻ അവിടെ മുഴുവൻ സമയവും നിന്നിരുന്നുവെന്ന് അവൾ പിന്നീട് എന്നോട് പറഞ്ഞു. മുറിയിലുണ്ടായിരുന്ന പുരുഷന്മാർ എന്നെ വളഞ്ഞപ്പോൾ, സമ്മർദ്ദം ചെലുത്തി എന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ നോക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. കണ്ണീരൊഴുക്കിക്കൊണ്ട് അവൾ രാഹുലിനെ തിരഞ്ഞ് വീടിനുള്ളിലേക്ക് ഓടിക്കയറി. അവൻ തന്റെ മുറിയിലുണ്ടായിരുന്നു. 'എന്തുപറ്റി?' എന്ന് അവൻ ചോദിച്ചു. 'അവരോട് അവർ (സോണിയ) സമ്മതം മൂളി! അവർ ചുറ്റുമുണ്ട്, സമ്മതം മൂളി!' ഞാൻ എവിടെയാണെന്ന് അവൻ ചോദിച്ചു, തുടർന്ന് പിതാവിന്റെ മരണശേഷം അമ്മയെ സംരക്ഷിക്കുന്നവരായി സ്വയം കണ്ടിരുന്ന എന്റെ രണ്ട് മക്കളും പരിഭ്രാന്തമായ മുഖഭാവത്തോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. മുന്നണി നേതാക്കളുടെ തീവ്രമായ സമ്മർദ്ദം മൂലം ഞാൻ ഇതിനകം തന്നെ തളർന്നിരുന്നു, ഇപ്പോൾ ഞാൻ അവരെയും നേരിടേണ്ടി വന്നു.

'നിങ്ങൾ സമ്മതം മൂളിയോ?' രാഹുൽ ഗർജനത്തോടെയാണ് ചോദിച്ചത്. അവർ എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല, ഞാൻ മറുപടി പറഞ്ഞു, 'എനിക്ക് ഇതിൽ താൽപ്പര്യമില്ല, ഞാൻ ഇത് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നിനക്കറിയാമല്ലോ. അവർ എന്നെ നിർബന്ധിക്കുകയായിരുന്നു. 'നിർബന്ധിക്കുകയോ? നിങ്ങളെ നിർബന്ധിക്കുകയോ?' അവൻ ചോദിച്ചു. 'ഞങ്ങളുടെ കാര്യമോ?' ദേഷ്യത്തോടെ മുഖം കറുപ്പിച്ച് അവൻ അവിടെനിന്നും ഇറങ്ങിപ്പോയി. 'നോക്കൂ അമ്മേ, അമ്മയ്ക്ക് ഇക്കാര്യത്തിൽ എപ്പോഴും വ്യക്തമായ നിലപാടുണ്ടായിരുന്നതാണ്' പ്രിയങ്ക പറഞ്ഞു. 'ആരുടെയും നിർബന്ധത്തിന് വഴിപ്പെടരുത്. അമ്മ എന്ത് തീരുമാനിച്ചോ അതുപോലെ ചെയ്യൂ. വേണ്ടത് ചെയ്യാൻ ഞങ്ങൾ അമ്മയ്ക്കൊപ്പമുണ്ട്' അവളുടെ കണ്ണുകൾ ചുവന്നിരുന്നു, എനിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു. ഞാൻ എന്താണ് ചെയ്തത്? എന്റെ പ്രവൃത്തികൾ എന്റെ പാർട്ടിയെ മാത്രമല്ല, ഇന്ത്യയെത്തന്നെ ദൂരവ്യാപകമായി ബാധിക്കുമെന്ന് സ്വയം നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. വർഗീയ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ നമുക്ക് ആവശ്യമുള്ളത് ശക്തവും സമർത്ഥവുമായ ഭരണമാണ്. മറ്റെന്തിനെക്കാളും ഉപരിയായി നമുക്ക് ആവശ്യം വികസനവും പുരോഗതിയുമാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ആർ.എസ്.എസും അതിന്റെ തീവ്രവാദ സംഘടനകളും ചേർന്ന് സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്തുമെന്നും ഭരണഘടനയെ അട്ടിമറിക്കുമെന്നുമുള്ള ഉറച്ച ബോധ്യമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. രാത്രി അവസാനിക്കാറായിരിക്കുന്നു. ചിന്തകളും വികാരങ്ങളും എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു അതൊരു നീണ്ട രാത്രിയായിരുന്നു. പ്രിയങ്കയും റോബർട്ടും അവരുടെ വീട്ടിലേക്ക് പോയി. സുമനും മഞ്ജുവും അതിഥി മുറിയിൽ ഉറങ്ങാൻ കിടന്നു. രാഹുൽ അവന്റെ മുറിയിലായിരുന്നു.ഞാൻ എന്റെ കിടപ്പുമുറിയിലേക്ക് പിൻവാങ്ങി, എപ്പോഴത്തേയും പോലെ എന്റെ ഭർത്താവിന്റെ കിടക്കവശത്ത് നിശബ്ദമായി കിടന്നു' സോണിയ കുറിച്ചു.

ഞാൻ ഏതാനും മണിക്കൂറുകൾക്കുശേഷം ഉണർന്നു, നേരെ മകന്റെ മുറിയിലേക്ക് ചെന്ന് വാതിലിൽ മുട്ടി. 'ഞാൻ എന്റെ തീരുമാനം എടുത്തു. എന്റെ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കും,' ഞാൻ അവനോട് പറഞ്ഞു. അവൻ എന്റെ അരികിലേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, 'അത് ശരിയായ തീരുമാനമാണ്.' തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യമായി എനിക്ക് മനസ്സമാധാനം തോന്നി. ഇനി ആർക്കും എന്റെ ലക്ഷ്യത്തിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കാൻ കഴിയില്ല' പ്രധാനമന്ത്രി പദം ഏറ്റെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചത് സംബന്ധിച്ച് സോണിയ എഴുതി.

തുടർന്ന് പാർലമെന്ററി പാർട്ടിയോഗത്തിൽ ആ തീരുമാനം പ്രഖ്യാപിച്ചത് സോണിയ ഓർത്തെടുത്തു. 'ഇടിമുഴക്കമുള്ള കൈയടികളോടെ ഞാൻ ഹാളിലേക്ക് പ്രവേശിക്കുന്നു. പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് തങ്ങളുടെ മുന്നിലെ ഡെസ്കിൽ കൈപ്പത്തികൊണ്ട് അടിക്കുന്നു. അവരോട് നിർത്താൻ ആരെങ്കിലും ആംഗ്യം കാണിക്കുന്നതുവരെ ഞാൻ നിൽക്കുകയും തുടർന്ന് ഞങ്ങൾ എല്ലാവരും ഇരിക്കുകയും ചെയ്യുന്നു.

ആ പദവി കൂടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവരിൽ ഒരാൾ ഒരു പ്രസംഗം വായിക്കുന്നു. എനിക്ക് വിഷമം തോന്നി. ഓരോരുത്തരും എന്റെ തീരുമാനം മാറ്റാൻ എന്നെ പ്രേരിപ്പിക്കുന്നതിൽ പരസ്പരം മത്സരിച്ച് പ്രസംഗിക്കുകയാണ്. അവരുടെ വികാരങ്ങൾ എന്നെ സ്പർശിക്കുന്നു, എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ ആലോചനകൾ എനിക്ക് ആവശ്യമായ വ്യക്തത നൽകിയിട്ടുണ്ട്. ഞാൻ എടുത്ത തീരുമാനം പൂർണ്ണമായും എന്റേത് മാത്രമാണെന്ന് എനിക്കറിയാം. പ്രസംഗപീഠത്തിലേക്ക് എന്നെ വിളിക്കുന്നു, ഞാൻ അതിലേക്ക് നടക്കാൻ എഴുന്നേൽക്കുമ്പോൾ, സഭയിലുടനീളം കൈയടികൾ പ്രതിധ്വനിക്കുകയും എല്ലാവരും ഒരിക്കൽ കൂടി എഴുന്നേൽക്കുകയും ചെയ്യുന്നു. ഞാൻ എന്റെ പേപ്പർ പുറത്തെടുത്ത് കണ്ണട വെക്കുന്നു, തുടർന്ന് ഞങ്ങളിൽ എല്ലാവരിലും അസാധാരണമായ ഒരു നിശബ്ദത വന്നുചേരുന്നു. ഫാനുകളുടെ ശബ്ദത്തിനപ്പുറം എന്റെ ശ്വാസോച്ഛ്വാസം എനിക്ക് കേൾക്കാം. മുന്നേറ്റ നിരയിലിരിക്കുന്ന എന്റെ മക്കളെ ഞാൻ നോക്കുന്നു, പ്രിയങ്ക എന്റെ കണ്ണുകളിലേക്ക് നോക്കി എനിക്ക് ധൈര്യം പകരുന്ന രീതിയിൽ പുഞ്ചിരിക്കുന്നു. ഞാൻ എന്റെ പ്രസംഗം വായിക്കാൻ തുടങ്ങുന്നു.

'രാഷ്ട്രീയത്തിലുള്ള എന്റെ കഴിഞ്ഞ ആറര വർഷക്കാലത്ത്, ഒരു കാര്യം എനിക്ക് വ്യക്തമായിരുന്നു. ഞാൻ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതുപോലെ, പ്രധാനമന്ത്രി പദവി എന്റെ ലക്ഷ്യമല്ല എന്നതാണ് അത്. ഇന്ന് ഞാൻ എത്തിപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ എന്നെങ്കിലും എത്തിച്ചേരുന്നതെങ്കിൽ, ഞാൻ വിനയപൂർവ്വം ഈ പദവി നിരസിക്കണമെന്നാണ് എന്റെ ഉള്ള് എന്നോട് പറയുന്നത്' സോണിയ തന്റെ പ്രസംഗത്തെ കുറിച്ച് എഴുതി.

ഞാൻ ഈ വാക്കുകൾ ഉച്ചരിച്ചപ്പോൾ, അവിടെ ബഹളം പൊട്ടിപ്പുറപ്പെട്ടു. എന്റെ സഹപ്രവർത്തകർ അവരുടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിന്ന് പ്രസംഗപീഠത്തിന് ചുറ്റുംകൂടി. 'വേണ്ട, വേണ്ട, വേണ്ട!' അവർ വിളിച്ചുപറഞ്ഞു, ചിലർ കൈകൾ ആംഗ്യം കാണിച്ച് ആക്രോശിച്ചു. എന്റെ സഹപ്രവർത്തകരിൽ ഒരാൾ കരയാൻ തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു, പിന്നാലെ മറ്റൊരാളും. എനിക്ക് ബോധക്ഷയം അനുഭവപ്പെടുകയും ശ്വാസം എടുക്കാൻ കഴിയാതെ വരികയും ചെയ്തതിനാൽ ഞാൻ പ്രസംഗം പാതിവഴിയിൽ നിർത്തി. പ്രസംഗപീഠത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ ശ്രമിച്ചെങ്കിലും എനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നു, എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി.

എന്റെ സഹപ്രവർത്തകരിൽ ഒരാൾ എന്റെ കൈയിൽ പിടിച്ച് അല്പം ആശ്വാസത്തിനായി എന്നെ ഹാളിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോന്നു. എന്റെ കുട്ടികൾ എന്നെ അനുഗമിച്ചു. അവർ കുറച്ചുനേരം എന്റെ കൂടെ നിന്നു, അതിനുശേഷം ഞാൻ വീണ്ടും ഹാളിലേക്ക് തിരികെ പ്രവേശിച്ചു. എന്റെ പ്രസംഗം തുടരാൻ ഞാൻ പ്രസംഗപീഠത്തിലേക്ക് ചെന്നു:

നിങ്ങൾ എന്നെ സർവ്വസമ്മതയായ നിങ്ങളുടെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. എന്റെ തീരുമാനം പുനഃപരിശോധിക്കാൻ എന്നെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത് ഈ വിശ്വാസമാണ്. എങ്കിലും, ഇതുവരെ എന്നെ നയിച്ച തത്വങ്ങൾക്കനുസൃതമായി മാത്രമേ എനിക്ക് പ്രവർത്തിക്കാനാകൂ. അധികാരം ഒരിക്കലും എന്നെ ആകർഷിച്ചിട്ടില്ല, സ്ഥാനമാനങ്ങളും എന്റെ ലക്ഷ്യമായിരുന്നില്ല' സോണിയ പ്രസംഗത്തിലെ വരികൾ ഒന്നൊന്നായി എഴുതി.

'സുഹൃത്തുക്കളേ, നിങ്ങൾ എനിക്ക് ഉദാരമായ പിന്തുണ നൽകിയിരിക്കുന്നു, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് നിങ്ങൾ എന്നോടൊപ്പം പൊരുതിയിരിക്കുന്നു. നിങ്ങളിൽ ഒരാളായും കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായും, നിങ്ങളോടൊപ്പവും രാജ്യത്തിനുവേണ്ടിയും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നമ്മുടെ തത്വങ്ങൾക്കും നമ്മുടെ കാഴ്ചപ്പാടുകൾക്കും നമ്മുടെ ആദർശങ്ങൾക്കുംവേണ്ടി പോരാടാനുള്ള എന്റെ ദൃഢനിശ്ചയം വാസ്തവത്തിൽ കൂടുതൽ ശക്തമായിരിക്കും' സോണിയ കുറിച്ചു.

'അവരിൽ ചിലർ ഇനിയും പ്രതിഷേധിച്ചു വിളിച്ചുപറയുന്നുണ്ടെങ്കിലും, അവർ ഇപ്പോൾ എന്നെ കുറച്ചുകൂടി ശാന്തമായി ശ്രദ്ധിക്കുന്നു; എന്റെ പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ സന്നിഹിതരായ എം.പിമാരോട് ആവശ്യപ്പെടുന്നു, അവർ സമ്മതിക്കുമ്പോൾ, ഞാൻ ഡോ. മൻമോഹൻ സിങ്ങിന്റെ പേര് വിളിക്കുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് ഞാൻ പടിയിറങ്ങുകയും ഡോ. സിങ്ങിനെ അതിന്റെ നേതാവായി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു' മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് സോണിയയുടെ പുസ്തകത്തിൽ പറയുന്നു.

Content Highlights: Sonia Gandhi's memoir 'Belonging: A Journey of Love' reveals the untold story of the 2004 Prime Minister decision., Details the intense pressure from party leaders and the emotional reactions of her children, Rahul and Priyanka., Explains how she ultimately decided to step back and nominated Dr. Manmohan Singh for the Prime Minister post.