10 മാസത്തിനിടെ 14 തവണ; എസ്‌ഐആറിൽ രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: എസ്‌ഐആറു(സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ)മായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്കിടയിലും ഭിന്നതകൾ ഉയർന്നിരുന്നെന്ന് റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പുകമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയതാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുഖ്ബീറും വിവേകും പലവട്ടം വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് വിവരം.
എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുംവിധത്തിൽ ഇത് മാറുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കഴിഞ്ഞ പത്തുമാസത്തിനിടെ സുഖ്ബീറും വിവേകും പതിനാലുതവണ വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു എന്ന കാര്യം പുറത്തുവരുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്ബീറും വിവേകും ഫയലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചില വിയോജിപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി കമ്മിഷണർമാർക്കും വിവേകും സുഖ്ബീറും അയച്ചിരുന്നുവെന്നാണ് വിവരം. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നത് എന്നതാണ് വിവരം.
Content Highlights: Reports indicate disagreements among Central Election Commission members regarding the Special Intensive Revision (SIR) process, with Commissioners Sukhbir Singh Sandhu and Vivek Joshi frequently expressing dissent.