'ഇന്‍ഫോസിസ് ആയതുകൊണ്ട് അവര്‍ എല്ലാം അറിയുന്നവരാണോ?'; ജാതിസര്‍വേ ബഹിഷ്‌കരിച്ച നാരായണ മൂര്‍ത്തിക്കെതിരേ സിദ്ധരാമയ്യ

നാരായണമൂര്‍ത്തിയും സുധാമൂര്‍ത്തിയും, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ | ഫയല്‍ചിത്രം | Photo: PTI
നാരായണമൂര്‍ത്തിയും സുധാമൂര്‍ത്തിയും, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ | ഫയല്‍ചിത്രം | Photo: PTI

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയും ജാതിസര്‍വേ ബഹിഷ്‌കരിച്ചതിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് പിന്നാക്കവിഭാഗങ്ങള്‍ക്കായുള്ള സര്‍വേയല്ലെന്നും മറിച്ച് മുഴുവന്‍ ജനസംഖ്യയുടെയും കണക്കെടുപ്പാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

''അത് അവരുടെ ഇഷ്ടമാണ്. ഇത് പിന്നാക്കവിഭാഗ സര്‍വേയല്ല. അവര്‍ക്ക് അത് മനസിലായിട്ടില്ലെങ്കില്‍ എനിക്ക് എന്തുചെയ്യാനാകും? അവര്‍ ഇന്‍ഫോസിസുകാരാണ്. അതുകൊണ്ട് മാത്രം അവര്‍ എല്ലാം അറിയുന്നവരാണോ? ഇത് പിന്നാക്കവിഭാഗ സര്‍വേയല്ലെന്ന് ഒരു ഇരുപതുതവണയെങ്കിലും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് മുഴുവന്‍ ജനസംഖ്യയുടേയും കണക്കെടുപ്പാണ്. ഞങ്ങള്‍ പലതവണ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിനുശേഷവും നാരായണമൂര്‍ത്തിയും സുധാമൂര്‍ത്തിയും ഇത് പിന്നാക്കസര്‍വേയാണെന്ന് കരുതുന്നു. അത് തെറ്റാണ്. കേന്ദ്രസര്‍ക്കാരും സര്‍വേ നടത്തുന്നുണ്ട്. അപ്പോള്‍ അവര്‍ എന്തുചെയ്യും? അവര്‍ക്ക് ലഭിച്ചിരിക്കുന്നത് തെറ്റായവിവരങ്ങളാകാം'', സിദ്ധരാമയ്യ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ജാതിസര്‍വേ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയും ബഹിഷ്‌കരിച്ചിരുന്നു. തങ്ങള്‍ പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരല്ലെന്നും അതിനാല്‍ സര്‍വേപ്രകാരം വിവരങ്ങള്‍ നല്‍കിയതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നും വ്യക്തമാക്കിയാണ് ഇരുവരും സര്‍വേ ബഹിഷ്‌കരിച്ചത്. വിവരങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് എഴുതി ഒപ്പിട്ടുനല്‍കുകയും ചെയ്തു.

അതേസമയം, സര്‍ക്കാര്‍ ഒരാളില്‍നിന്നുപോലും നിര്‍ബന്ധപൂര്‍വം വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഇതേക്കുറിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. ബിജെപിയുടെ പ്രേരണയാണ് സര്‍വേ ബഹിഷ്‌കരിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനുപിന്നിലെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചു. സാമൂഹികപ്രവര്‍ത്തകകൂടിയായ സുധാ മൂര്‍ത്തിയെ കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശംചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജാതി സെന്‍സസും ഇവര്‍ ബഹിഷ്‌കരിക്കുമോയെന്ന് വ്യക്തമാക്കണമെന്ന് തൊഴില്‍മന്ത്രി സന്തോഷ് ലാഡ് പ്രതികരിച്ചു.

സര്‍വേയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേ ബഹിഷ്‌കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് കര്‍ണാടക പിന്നാക്ക കമ്മിഷന്‍ നടത്തുന്ന സര്‍വേയെന്നാണ് ബിജെപിയുടെ ആരോപണം.

Content Highlights: Karnataka CM Sidda­ramaiah criticizes Infosys co-founder Narayana Murthy and author Sudha Murty for boycotting the state`s caste survey. He clarifies it`s a population census, not just for backward classes.