മോദി തരംഗം അവസാനിച്ചു; കര്‍ണാടകയില്‍ ശാന്തിയും സമാധാനവും, കലാപമെവിടെ? -സഞ്ജയ് റാവുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം അവസാനിച്ചെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. 'ഞങ്ങളുടെ തരംഗമാണ് ഇനി രാജ്യത്തുണ്ടാവുക. ഏകാധിപത്യത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കര്‍ണാടക കാണിച്ചുതന്നു' - എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കര്‍ണാടക കാണിച്ചുതന്നു. ബജ്‌റംഗ് ബാലി ബി.ജെ.പി.ക്കൊപ്പമല്ല, കോണ്‍ഗ്രസിനൊപ്പമാണെന്നാണ് ഈ വിജയം അര്‍ഥമാക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി. പരാജയപ്പെട്ടാല്‍ കലാപമുണ്ടാകുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്. കര്‍ണാടകയില്‍ ശാന്തതയും സമാധാനവുമാണ്. കലാപമെവിടെയെന്നും സഞ്ജയ് ചോദിച്ചു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങി എന്നു പറഞ്ഞ അദ്ദേഹം, ഇതുസംബന്ധിച്ച ഒരു യോഗം ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്നുണ്ട് എന്ന കാര്യവും വ്യക്തമാക്കി.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. 224 സീറ്റില്‍ 135-ഉം കോണ്‍ഗ്രസ് നേടി. 66 സീറ്റുകളേ ബി.ജെ.പി. നേടിയുള്ളൂ. 19 സീറ്റുകള്‍ മാത്രം നേടിയ ജെ.ഡി.എസും പിന്നാക്കം പോയി. കോണ്‍ഗ്രസിനെക്കൂടാതെയുള്ള ഒരു പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന് സഞ്ജയ് റാവത്ത് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: shiv sena leader sanjay raut about karnataka assembly election 2023, modi wave is over