ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു; 'സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ'

#ന്യൂസ് ഡെസ്ക്
ഷെഹ്‌സാദ് പൂനെവാല
ഷെഹ്‌സാദ് പൂനെവാല

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും രാജിവെച്ചു. വ്യക്തിപരമായ സാഹചര്യങ്ങളും സംഘടനയ്ക്കുള്ളിലെ ചില വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാട്ടിയാണ് ഷെഹ്‌സാദ് പൂനെവാല തിങ്കളാഴ്ച പാർട്ടി നേതൃത്വത്തിന് വീണ്ടും രാജി സമർപ്പിച്ചിരിക്കുന്നത്.

ജൂലായ് 30ന് അദ്ദേഹം രാജിവെച്ചിരുന്നെങ്കിലും നേതൃത്വം രാജി സ്വീകരിച്ചില്ലെന്നാണ് പുതിയ കത്തിൽ അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. 'ജൂലായ് 30ന് നൽകിയ രാജി പാർട്ടി ഉടൻ സ്വീകരിക്കാൻ വിസമ്മതിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തത് വളരെ സ്പർശിക്കുന്നതും എനിക്ക് കൃതജ്ഞത ഉണ്ടാക്കുന്നതുമാണ്' എന്നും ഷെഹ്‌സാദ് വ്യക്തമാക്കി.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ സംഘടനാ ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ സംഘടനാ പുനഃസംഘടന പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷെഹ്‌സാദ് വീണ്ടും രാജിയുമായി വന്നിരിക്കുന്നത്.

'മുമ്പ് സൂചിപ്പിച്ചതുപോലെ, അടിയന്തര സാമ്പത്തിക-വ്യക്തിഗത സാഹചര്യങ്ങൾ കാരണം ഞാൻ സ്വകാര്യ മേഖലയിലേക്ക് മാറുകയാണ്. എന്നാൽ സാധ്യമാകുന്നിടത്തെല്ലാം, സാധ്യമായ രീതിയിൽ പ്രധാനമന്ത്രി മോദിയുടെയും ബിജെ.പിയുടെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും ഞാൻ തുടർന്നും പിന്തുണയ്ക്കും' ഷെഹ്‌സാദ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ നിതിൻ നബീൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്തുടങ്ങിയ മുതിർന്ന നേതാക്കളോട് നന്ദിയും സ്‌നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് നൽകിയ അവസരങ്ങൾക്കും വേദിക്കും പൂർണ്ണ വിനയത്തോടെ പാർട്ടിയോട് താൻ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദീർഘവും കഠിനവുമായ ആലോചനകൾക്ക് ശേഷമാണ് ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്തുനിന്നും സജീവ പ്രാഥമിക അംഗത്വത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നതെന്നും ഷെഹ്‌സാദ് അറിയിച്ചു.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവവികാസങ്ങളും, താങ്കളോട് ഞാൻ വിശദമായി സംസാരിച്ചിട്ടുള്ള ചില വ്യക്തികളുടെ പെരുമാറ്റവും എന്റെ മുൻ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാൻ എന്നെ നിർബന്ധിതനാക്കിയിരിക്കുന്നു' ബിജെപി ദേശീയ അധ്യക്ഷന് നൽകിയ കത്തിൽ ഷെഹ്‌സാദ് പറയുന്നു.

Content Highlights: Shehzad Poonawalla has submitted his resignation from the BJP national spokesperson post and primary membership again., He cited personal, financial circumstances, and differences with certain individuals within the organization., His previous resignation on July 30 was not accepted immediately by the leadership., He stated he will continue to support PM Modi's vision while moving to the private sector.