അപ്പോൾ ഒബാമയും മോദിയുമോ? രാഹുലിന് പിന്തുണയും, രാമചന്ദ്ര ഗുഹയ്ക്ക് ചുട്ടമറുപടിയുമായി തരൂർ

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ | ചിത്രം: രതീഷ് പി.പി., മാതൃഭൂമി | രാമചന്ദ്ര ഗുഹ | ചിത്രം: മധുരാജ്, മാതൃഭൂമി
രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ | ചിത്രം: രതീഷ് പി.പി., മാതൃഭൂമി | രാമചന്ദ്ര ഗുഹ | ചിത്രം: മധുരാജ്, മാതൃഭൂമി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നേതാവും പാലർലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ ആവശ്യമായ ഭരണപരിചയമില്ലെന്ന ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ വിമർശനത്തിന് ചുട്ടമറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിന്, ബരാക് ഒബാമ, നരേന്ദ്ര മോദി തുടങ്ങിയവരുടെ ഉദാഹരണങ്ങൾ നിരത്തിയാണ് കോൺഗ്രസ് എം.പി. ശശി തരൂർ തിരിച്ചടിച്ചത്.

രാഹുലിന്റെ വിദേശനയരൂപീകരണത്തിലുള്ള പ്രാപ്തിയെയും മുൻകാല അനുഭവസമ്പത്തിനെയുമാണ് ഗുഹ ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിക്ക് പരിചയസമ്പത്തില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ച ശരിയല്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. രാഷ്ട്രത്തലവൻമാർക്ക് പദവി ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ വലിയ രീതിയിലുള്ള വിദേശകാര്യ പരിചയം അനിവാര്യമല്ലെന്ന് വാദിച്ച തരൂർ, ഭരണപരമായ പദവികൾ വഹിക്കാതെ തന്നെ ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രീയത്തിൽ നേതാക്കൾ ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർന്നു വന്നിട്ടുണ്ടെന്നും ഉദാഹരണസഹിതം ചൂണ്ടിക്കാണിച്ചു.

ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്കുള്ള യോഗ്യതകളെ ചോദ്യം ചെയ്ത ഗുഹ, പ്രധാനമായും അദ്ദേഹത്തിന്റെ ഭരണപരിചയമില്ലായ്മയെയും അന്താരാഷ്ട്ര പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള വിദേശനയ നൈപുണ്യത്തിന്റെ കുറവിനെയും കുറിച്ചാണ് എടുത്തുപറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യത്തിനും വ്യക്തിപരമായ മാന്യതയ്ക്കും അപ്പുറം അദ്ദേഹത്തിന് ഈ സ്ഥാനത്തേക്ക് വരാൻ എന്ത് യോഗ്യതയാണുള്ളതെന്നും ഗുഹ ചോദിച്ചു.

ഇതിന്, രാഹുൽ ഗാന്ധിയുടെ പത്തുവർഷത്തെ പാർട്ടി നേതൃത്വവും അദ്ദേഹത്തിന് ചുറ്റുമുള്ള വിദഗ്ധ ഉപദേശക സമിതിയും വിജയകരമായ ഭരണത്തിന് മതിയായതാണെന്നും ഭരണപരമായ പാരമ്പര്യത്തേക്കാൾ നേതൃപാടവത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഹയുടെ വിമർശനം 'അൽപം കടന്നുപോയി' എന്ന് പറഞ്ഞുകൊണ്ടാണ് തരൂർ എക്സിലൂടെ തന്റെ മറുപടി നൽകിയത്.

'രാമചന്ദ്ര ഗുഹ, ഇത് അൽപം കടന്നുപോയി. ലോകം നിരവധി ആഗോള പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്ന സമയത്ത്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റാകുമ്പോൾ ഇല്ലിനോയിയിൽ നിന്നുള്ള ആദ്യ തവണ സെനറ്ററായിരുന്ന ബരാക് ഒബാമയ്ക്ക് ലോകകാര്യങ്ങളിൽ എന്ത് പരിചയമാണുണ്ടായിരുന്നത്? അതുപോലെ തന്നെ, ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് എത്രത്തോളം അന്താരാഷ്ട്ര പരിചയമുണ്ടായിരുന്നു?' തരൂർ ചോദിച്ചു.

രാഹുൽ ഗാന്ധി ഒരു പതിറ്റാണ്ടിലേറെയായി ഒരു ദേശീയ പാർട്ടിയെ നയിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള നേതാക്കളുമായി അദ്ദേഹത്തിന് വിപുലമായ ബന്ധങ്ങളുണ്ടെന്നും പാർട്ടിക്ക് അകത്തും പുറത്തും അദ്ദേഹത്തിന് ഉപദേശകർക്ക് കുറവില്ലെന്നും തരൂർ വാദിച്ചു. 'ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ഒറ്റയ്ക്കല്ല പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരു സർക്കാരിനെ നയിക്കുന്നത്! അമിതമായി കൊട്ടിഘോഷിക്കപ്പെട്ട ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാൻ കരുതുന്നു.' അദ്ദേഹം കുറിച്ചു. 

നേരത്തെ, 'ദി വയർ' എന്ന വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗുഹ ചോദിച്ചത്, 'പ്രധാനമന്ത്രിയായാൽ ഗൗരവകരവും സങ്കീർണ്ണവുമായ ഒരു സാഹചര്യം വിവേകത്തോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്ന് കാണിക്കാൻ അദ്ദേഹം (രാഹുൽ ഗാന്ധി) എന്ത് ചെയ്തിട്ടുണ്ട്?'എന്നാണ്. അദ്ദേഹത്തിന്റെ അമ്മയും അച്ഛനും മുത്തശ്ശിയും മുതുമുത്തച്ഛനും പ്രധാനമന്ത്രിമാരായിരുന്നു എന്ന 'അർഹത' (entitlement) മാത്രമാണ് അദ്ദേഹത്തിന് യോഗ്യതയായി ഉള്ളതെന്നും ഗുഹ ആരോപിച്ചു.

രാഹുൽ ഗാന്ധിക്ക് പകരം മതിയായ ഭരണപരിചയവും മന്ത്രിതല അനുഭവവുമുള്ള മറ്റ് നേതാക്കളെ കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാമായിരുന്നുവെന്നും ഗുഹ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു രാഷ്ട്രീയക്കാരന്റെ ഫലപ്രാപ്തി അളക്കേണ്ടത് മുൻകാല ഭരണപരിചയം കൊണ്ട് മാത്രമാകരുത് എന്ന് ചൂണ്ടിക്കാട്ടിയ തരൂർ, വിപുലമായ ഭരണ പശ്ചാത്തലമില്ലാതെ അധികാരം ഏറ്റെടുത്ത ലോകത്തിലെ പല വിജയകരമായ നേതാക്കളെയും ഉദാഹരണമായി കാട്ടി ഗുഹയുടെ വാദത്തെ തള്ളിക്കളയുകയായിരുന്നു.

Content Highlights: Shashi Tharoor defends Rahul Gandhi's qualifications for PM, Ramachandra Guha questions Gandhi's lack of administrative experience, Tharoor cites Obama and Modi as examples of leaders without prior executive experience, Tharoor emphasizes the role of a government team over individual experience.