പറഞ്ഞത് സാഹിത്യത്തിൽ വഴികളുണ്ടെന്ന്, തലക്കെട്ട് നൽകിയത് രാഷ്ട്രീയത്തിൽ വേറെ വഴികൾ ഉണ്ടെന്ന്-ശശി തരൂർ

ശശി തരൂർ| Photo: ANI
ശശി തരൂർ| Photo: ANI

ന്യൂഡല്‍ഹി:  ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനെതിരേ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂര്‍. എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിതെന്ന് 'എക്‌സ്' പോസ്റ്റിൽ ശശി തരൂർ ആരോപിച്ചു. 

"സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ ഉണ്ടെന്നാണു ഞാൻ പറഞ്ഞത്. എന്നാൽ, ഇത് രാഷ്ട്രീയത്തിൽ ഞാൻ മറ്റു വഴികൾ തേടുന്നുവെന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ തലക്കെട്ട് നൽകി. പതിവുപോലെ മറ്റു മാധ്യമങ്ങളും ഈ തലക്കെട്ടിനു പിന്നാലെ പോയി. രാഷ്ട്രീയനേതൃത്വവും ഇതിനനുസരിച്ച് പ്രതികരണങ്ങൾ നടത്തി. പിന്നീടുണ്ടായ കോലാഹലങ്ങൾക്ക് മറുപടി പറയാൻ ഞാൻ മാത്രമായി." തരൂർ പറയുന്നു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമെന്ന് 'ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ 'വര്‍ത്തമാനം' പ്രതിവാര മലയാളം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞതായ വാര്‍ത്തയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍, കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ട്, സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്ന് തരൂർ പറയുന്നു. 

വാര്‍ത്ത സൃഷ്ടിക്കാനും  പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂര്‍ കുറിച്ചു. 

Content Highlights: shashi tharoor against Indian Express Podcast, slams misleading headlines