ഇന്ത്യാ സഖ്യം വിട്ട് എൻ.ഡി.എയിലേക്ക്? കേന്ദ്രത്തിലും മഹാരാഷ്ട്രയിലും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് ശരദ് പവാറിന്റെ വിലപേശൽ

#ന്യൂസ് ഡെസ്ക്
ശരദ് പവാറും സുപ്രിയ സുലെയും | Photo: ANI
ശരദ് പവാറും സുപ്രിയ സുലെയും | Photo: ANI

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിനും ഇന്ത്യമുന്നണി വിട്ട് എൻഡിഎയിലെത്തുന്നതിനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി - എസ്.പി) നേതാവ് ശരദ് പവാർ കടുത്ത വിലപേശൽ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ലോക്‌സഭയിൽ നവംബർ 30-നും രാജ്യസഭയിൽ ഡിസംബർ 2-നും ആരംഭിക്കാനിരിക്കെ, സഭയിലെ വോട്ടെടുപ്പിന് മുൻപ് അന്തിമതീരുമാനത്തിലെത്താൻ തീവ്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

ശരദ് പവാറിന്റെ മകളും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകണമെന്നാണ് എൻ.സി.പി (എസ്.പി) യുടെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സുലെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തേക്ക് പവാർ ഉയർത്തിക്കാട്ടുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും 10 എം.എൽ.എമാർ മാത്രമുള്ള തങ്ങൾക്ക് അത്തരം അവകാശവാദങ്ങളില്ലെന്നും അവർ വ്യക്തമാക്കിക്കഴിഞ്ഞു.

കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമെ, ബി.ജെ.പി നയിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന സർക്കാരിലും രണ്ട് മന്ത്രിസ്ഥാനത്തിനായി പാർട്ടി ചർച്ച നടത്തുന്നുണ്ട്. എൻ.സി.പി (എസ്.പി) നേതാവ് ജയന്ത് പാട്ടീലിന് ധനകാര്യ വകുപ്പും മുതിർന്ന നേതാവ് ജിതേന്ദ്ര ആവാഡിന് മറ്റൊരു കാബിനറ്റ് വകുപ്പും ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, മറ്റ് മുതിർന്ന നിയമസഭാംഗങ്ങളെ ഉൾക്കൊള്ളിക്കുന്നതിനായി രണ്ട് സംസ്ഥാന സഹമന്ത്രി സ്ഥാനങ്ങളും പാർട്ടി ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റിൽ ബില്ലിന് ഔദ്യോഗിക പിന്തുണ നൽകുന്നതിന് മുൻപ് തന്നെ ഈ ആവശ്യങ്ങൾ ഉറപ്പാക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ശരദ് പവാർ, തങ്ങളുടെ പാർട്ടിക്കുള്ളിലെ പിളർപ്പ് ഒഴിവാക്കാൻ ബില്ലിനെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് നേതൃത്വത്തോട് ഫോണിൽ സംസാരിച്ച് വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ നിന്ന് സുപ്രിയ സുലെ മാറിനിൽക്കുകയാണ്. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പവാറിന്റെ പാർട്ടിയിൽ നിന്നുള്ള എം.പിമാർ ആരും പങ്കെടുക്കില്ലെന്നാണ് വിവരങ്ങൾ.

ശരദ് പവാറിന്റെ ഈ ചുവടുമാറ്റത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം 10 എം.എൽ.എമാർ മാത്രമുണ്ടായിരുന്ന ശരദ് പവാറിനെ 85-ാം വയസ്സിൽ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസും (16 എം.എൽ.എമാർ) ശിവസേന യു.ബി.ടിയും (20 എം.എൽ.എമാർ) ഉപാധികളില്ലാതെ പിന്തുണച്ചിരുന്നുവെന്ന് കോൺഗ്രസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു. "എന്നിട്ട് ഇപ്പോൾ എന്തായി?" എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് തങ്ങളുടെ വിമർശനം അവസാനിപ്പിച്ചത്.