ശരദ് പവാറിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചേക്കും: ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി സൂചന

#ന്യൂസ് ഡെസ്ക്
ശരദ് പവാറും രാഹുല്‍ ഗാന്ധിയും |ഫോട്ടോ:ANI
ശരദ് പവാറും രാഹുല്‍ ഗാന്ധിയും |ഫോട്ടോ:ANI

ന്യൂഡൽഹി: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

'ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ ഹൈക്കമാൻഡുമായി നടക്കുന്നുണ്ട്' കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ പ്രതിപക്ഷ നേതാവുമായ കൂടിയായ വിജയ് വാഡെട്ടിവാർ പറഞ്ഞു.

മമതാ ബാനർജിയെയും ഉദ്ധവ് താക്കറെയെയും പോലുള്ള പ്രാദേശിക നേതാക്കൾക്ക് സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലാണ് കോൺഗ്രസുമായുള്ള ശരദ് പവാറിന്റെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ലയനത്തോട് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം.

എന്നാൽ പവാറിന്റെ പാർട്ടിയിൽ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കോൺഗ്രസിൽ ലയിക്കുന്നതിനെ അനുകൂലിക്കുമ്പോൾ മറുവിഭാഗം എൻഡിഎയുടെ ഭാഗമായി നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഭരണപക്ഷത്തിന്റെ ഭാഗമാകുമ്പോൾ തങ്ങളുടെ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് രണ്ടാമത്തെ വിഭാഗം കരുതുന്നത്.

1999-ലാണ് കോൺഗ്രസ് വിട്ട് ശരദ് പവാർ എൻസിപി രൂപീകരിച്ചത്. തുടർന്ന് 2023-ൽ അനന്തരവൻ അജിത് പവാർ പാർട്ടി പിളർത്തി എൻസിപി ഔദ്യോഗിക പക്ഷമായി മാറി. എൻഡിഎയുടെ ഭാഗമാകുകയും ചെയ്തു. ഇതിനിടെ ശരദ് പവാറും അജിത് പവാറും ലയന ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അജിത് പവാറിന്റെ മരണത്തോടെ ഈ ചർച്ചകൾ നിലച്ചു.

Content Highlights: NCP-SP and Congress are in final-stage merger discussions., Internal divide exists within NCP-SP regarding joining the NDA for development funds