ഷംസു പുന്നക്കലിനെ വെട്ടിയ കേസ്: പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ അപ്പീലില്‍ കോടതി നോട്ടീസ്

സുപ്രീം കോടതി| Photo: Mathrubhumi
സുപ്രീം കോടതി| Photo: Mathrubhumi

ന്യൂഡല്‍ഹി: മലപ്പുറത്തെ സി.ഐ.ടി.യു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വടിവാളുകൊണ്ട് വെട്ടിയ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസിലെ പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. 

2001 ജനുവരി 16ന് മഞ്ചേരി ടൗണില്‍ പാണ്ടിക്കാട് റോഡിലെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് ഷംസു പുന്നക്കലിനെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിലാക്കല്‍ സലീം, കൊല്ലന്‍ ജുബൈര്‍, അബ്ദുല്‍ മുനീര്‍, ജാഫര്‍, ജബ്ബാര്‍ എന്നിവരാണ് പ്രതികള്‍. കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ചിരുന്നു.

ഷംസുവിനെ ആക്രമിക്കുമ്പോള്‍ 'വെട്ടടാ' എന്ന് മാത്രമാണ് പ്രതികള്‍ ആക്രോശിച്ചതെന്നും അതിനാല്‍ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നും വ്യക്തമാക്കി ഹൈക്കോടതി ശിക്ഷയില്‍ ഇളവ് അനുവദിച്ചിരുന്നു. കൊലപാതക ശ്രമത്തിന് പകരം ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനാണ് ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരു മാസമായി ഹൈക്കോടതി കുറയ്ക്കുകയും ചെയ്തിരുന്നു.

ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് വെട്ടുകള്‍ അതീവ മാരകമായിരുന്നെന്നും മരണംവരെ സംഭവിച്ചേക്കാമായിരുന്നെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു. പ്രതികള്‍ക്ക് എതിരെ ചുമത്തിയ കൊലപാതകശ്രമക്കുറ്റം ഹൈക്കോടതി റദ്ദാക്കിയത് നീതീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: shamsu punnakkal assault case

Content Highlights: