'ഇസ്‌ലാമിൽ കർമമാണ് പ്രധാനം'; ഷമിക്ക് പിന്തുണയുമായി ഷമ

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വെള്ളം കുടിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക വിനോദത്തിൽ ഏർപ്പെടുമ്പോൾ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്‌ലാമിൽ കർമമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവെ അവർ വ്യക്തമാക്കി.
'നമ്മൾ യാത്ര ചെയ്യുമ്പോൾ വ്രതമെടുക്കേണ്ടതില്ല എന്നത് റംസാൻ കാലത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഒന്നാമതായി, ഷമി യാത്രയിലാണ്. അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഇപ്പോഴുള്ളത്. രണ്ടമതായി, വളരെയേറെ ദാഹിക്കാൻ സാധ്യതയുള്ള ഒരു കായിക വിനോദത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് കളിക്കുമ്പോൾ വ്രതം അനുഷ്ഠിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ല.' ഷമ പറഞ്ഞു.
നേരത്തെ, ഷമിക്കെതിരേ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വി രംഗത്തെത്തിയിരുന്നു. റംസാന്‍ കാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്‌വി പറഞ്ഞു.
സെമി പോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പത്തോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത ഷമി മൂന്ന് വിക്കറ്റെടുത്തിരുന്നു. ഞായറാഴ്ചയാണ് കിവീസിനെതിരായ ഫൈനല്‍.
Content Highlights: Congress leader defends cricketer Mohammed Shami