കശ്മീരില്‍ ആള്‍മാറാട്ടം: സംഘത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ മകനും, രാജിവച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കശ്മീരില്‍ സന്ദര്‍ശനം നടത്തിയ കിരണ്‍ പട്ടേലിന്റെ സംഘത്തില്‍ മകന്‍ അംഗമായതിനെത്തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പി.ആര്‍.ഒ.യായ ഹിതേഷ് പാണ്ഡ്യയാണ് സ്ഥാനം രാജിവെച്ചത്. 2001 മുതല്‍ ഈ സ്ഥാനത്തുള്ളയാളാണ്. കിരണ്‍ ഭായ് പട്ടേലിന്റെ സംഘത്തിലെ അംഗമായിരുന്നു ഹിതേഷ് പാണ്ഡ്യയുടെ മകന്‍ അമിത് ഹിതേഷ് പാണ്ഡ്യ.
ശ്രീനഗറില്‍ കിരണ്‍ പട്ടേലിനൊപ്പം ഉണ്ടായിരുന്ന അമിത് പാണ്ഡ്യ ഉത്തരഗുജറാത്തിലെ ബി.ജെ.പി. സാമൂഹികമാധ്യമ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്നു. സര്‍ക്കാരിന്റെ സി.സി.ടി.വി. കരാറുകള്‍ പലതും അമിത് പാണ്ഡ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനാണ് ഹിതേഷ് പാണ്ഡ്യ കഴിഞ്ഞ ദിവസം രാത്രിയോടെ രാജിനല്‍കിയത്. മകന്‍ നിരപരാധിയാണെങ്കില്‍പ്പോലും പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ഓഫീസിന്റെ പ്രതിച്ഛായ മോശമാവേണ്ടെന്ന് കരുതിയാണ് താന്‍ രാജിവെക്കുന്നതെന്ന് കത്തില്‍പറയുന്നു. അതേസമയം, ജമ്മു കശ്മീര്‍ പോലീസെടുത്ത കേസില്‍ അമിത് പാണ്ഡ്യയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. പകരം ഇയാളേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയും കേസില്‍ സാക്ഷികളാക്കി.
കിരണ്‍ പട്ടേലിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഇരുവരേയും പോലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ഇരുവരും കിരണ്‍ പട്ടേലിന്റെ കെണിയില്‍ വീണതാവാനാണ് സാധ്യതയെന്നാണ് പോലീസ് ഭാഷ്യം. പിന്നീട് ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം, തന്റെ മകന്‍ നിരപരാധിയാണെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പങ്കാളിയാവില്ലെന്നും ഹിതേഷ് പാണ്ഡ്യ അവകാശപ്പെട്ടു.
Content Highlights: Senior Gujarat Government Official Resigns Over Son's Links With Conman