സുപ്രീംകോടതിയുടെ ചരിത്രമെഴുതുമ്പോൾ ഇക്കാലം സുവർണലിപികളിൽ ആയിരിക്കില്ല; ബെഞ്ചിനെ വിമർശിച്ച് കപിൽ സിബൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ പ്രതി കവിത ജാമ്യത്തിനായി നൽകിയ റിട്ട് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെ വിമർശിച്ച് സീനിയർ അഭിഭാഷകൻ കപിൽ സിബൽ. സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോൾ ഈ കാലം സുവർണലിപികളിൽ ആയിരിക്കില്ലെന്ന് കവിതയുടെ ഹർജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കപിൽ സിബൽ പറഞ്ഞു. 'നോക്കാം' എന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇതിന് നൽകിയ മറുപടി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ബിആർഎസ് നേതാവ് കവിത നൽകിയ റിട്ട് ഹർജി പരിഗണിച്ചത്. അറസ്റ്റിനെതിരെയും ജാമ്യത്തിനും വേണ്ടിയാണ് കവിത സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.
ജാമ്യത്തിനായി എല്ലാവരും ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയാൽ എന്ത് ചെയ്യുമെന്ന് കോടതി ആരാഞ്ഞു. കേസിന്റെ മെറിറ്റിനെ കുറിച്ച് കേൾക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്ന് കവിതയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പട്ടു. വെറും മാപ്പുസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ നൽകിയ റിട്ട് ഹർജി പരിഗണിക്കാൻ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സോറോനോട് സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ, സോറന്റെ കാര്യത്തിൽ എന്താണ് നടക്കുന്നതെന്ന് കാണുന്നില്ലേയെന്ന് സിബൽ കോടതിയോട് ആരാഞ്ഞു. അതേസമയം, കവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കാൻ ആകില്ലെന്നും കള്ളപ്പണ നിരോധന നിയമം ചോദ്യംചെയ്തുള്ള ഭാഗത്തിൽ മാത്രം സർക്കാരിന് നോട്ടീസ് അയക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
Content Highlights: senior advocate kapil sibal slams supreme court