സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി

സുപ്രീം കോടതി |  ഫൊട്ടോ : റോയിട്ടേഴ്സ്
സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്

സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈകോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കും എന്ന് വാദത്തിന് ഇടയില്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചു. 

ഫീസ് നിര്‍ണ്ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളോട് നിര്‍ദേശിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഓരോ മെഡിക്കല്‍ കോര്‍സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തില്‍ ആകണം ഫീസ് നിശ്ചയിക്കേണ്ടത്. മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകള്‍ ഫീസ് നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കാന്‍ കഴിയില്ല എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ വാദിച്ചു.

ഫീസ് നിര്‍ണ്ണയ സമിതിയുടെ കൈകള്‍ സുപ്രീം കോടതി ബന്ധിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പി എസ് പട്വാലിയ, പി.എസ് നരസിംഹം, എം ആര്‍ രമേശ് ബാബു, ആബിദ് അലി ബീരാന്‍ എന്നിവര്‍ വാദിച്ചു. എല്ലാ രേഖകളും കൃത്യമായി പരിശോധിച്ച് ഫീസ് കാണാക്കാകുന്ന ഫീസ് നിര്‍ണ്ണയ സമിതിയോട് ഉള്ള നന്ദി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു.

കോളേജുകള്‍ നല്‍കുന്ന ശുപാര്‍ശ പരിശോധിക്കാന്‍ മാത്രമേ ഫീസ് നിര്‍ണ്ണയ സമിതിക്ക് അധികാരം ഉള്ളു എന്ന് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ഫീസ് തന്നെ നിര്‍ണ്ണയിക്കുന്ന അവസ്ഥ ആണ് ഉള്ളത്. ഫീസ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജര്‍ ആക്കാന്‍ ആവശ്യത്തിന് സമയം സമിതി നല്‍കുന്നില്ല എന്നും മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 

സമിതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ താത്കാലിക സംവിധാനം എന്ന നിലയില്‍ വാര്‍ഷിക ഫീസ് ആയി പതിനൊന്ന് ലക്ഷം രൂപ വിദ്യാത്ഥികളില്‍ നിന്ന് ഈടാക്കാന്‍ 2017 ല്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 2016 ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവില്‍ കോടതിയുടെ പരിഗണനയില്‍ ആണ്. അതിനാല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടാല്‍ താത്കാലിക സംവിധാനം എന്ന നിലയില്‍ വാര്‍ഷിക ഫീസ് ആയി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണം എന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.

ഫീസുകളുടെ കാര്യത്തില്‍ കോളേജുകള്‍ തമ്മില്‍ അന്തരം ഉണ്ടാകാമെങ്കിലും വ്യത്യാസം വലുതായിരിക്കരുതെന്ന് സുപ്രീം കോടതിയുടെ മുന്‍ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു കല്‍പിത സര്‍വ്വകലാശാലയില്‍ എം ബി ബി എസിന് വാര്‍ഷിക ഫീസ് ആയി പതിനഞ്ച് ലക്ഷം രൂപ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലും ഫീസ് പത്ത് ലക്ഷത്തിന് മേലെയാണെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി.

മാനേജ്മെന്റുകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ശ്യാം ദിവാന്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി.

Content Highlights: Self financing medical college fees- Supreme Court has postponed the hearing

Content Highlights: