ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകണം; ജയിൽ മോചിതരായതിന് പിന്നാലെ സൗരവിനും അശുതോഷിനും ക്രൈംബ്രാഞ്ച് നോട്ടീസ്

ന്യൂഡൽഹി: ജയിൽ മോചിതരായതിന് പിന്നാലെ, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി ഡൽഹി ക്രൈംബ്രാഞ്ച്. രജൗറി ഗാർഡനിലെ ഓഫീസിൽ ഇന്നുതന്നെ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. ഇരുവർക്കുമെതിരെ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് ഈ നീക്കം.
നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിൽ കടന്നുകയറിയത് ഉൾപ്പെടെയുള്ള രണ്ട് കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസുകളാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിന്നാലെയാണ് സിജെപി നേതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. അജിങ്ക്യ ഷിന്ദെക്കും നോട്ടീസുണ്ട്. രജൗറി ഗാർഡനിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ജന്തർ മന്തറിലെ വിലക്ക് ലംഘിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റുചെയ്യപ്പെട്ട സൗരവും അശുതോഷും ഇന്നലെ രാത്രിയോടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. തിഹാർ ജയിലിലാണ് ഇരുവരും റിമാൻഡ് ചെയ്യപ്പെട്ടിരുന്നത്. ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് അറിയിച്ച് ഇരുവരും കോടതിയിൽ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തികൾ ചെയ്യില്ലെന്നും ഇരുവരും കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ്, ഇരുവരോടും ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.
എന്നാൽ ഇന്നത്തെ ചോദ്യംചെയ്യലിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഡൽഹി പോലീസിനെ സമീപിച്ചിട്ടുണ്ട്. ജയിലിൽനിന്നും ഇന്നലെ രാത്രി മോചിതരായിട്ടേ ഉള്ളൂവെന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നുമാണ് സൗരവും അശുതോഷും അഭ്യർഥിച്ചിട്ടുള്ളത്. ഡൽഹി പോലീസ് ഇവരുടെ ആവശ്യം അംഗീകരിച്ചതായും ഇരുവർക്കും പുതിയ നോട്ടീസ് നൽകുമെന്നുമാണ് വിവരം.
Content Highlights: Delhi Crime Branch issued notices to CJP leaders Saurav Das and Ashutosh Ranka for questioning regarding two cases, including violating a prohibition order at Jantar Mantar. Both leaders were recently released on bail after being arrested for protests and assured the court they would not engage in disruptive activities. Saurav and Ashutosh requested more time to appear for questioning, and Delhi Police agreed to issue a new notice.