ബിഹാറിൽ BJPക്ക് ആദ്യ മുഖ്യമന്ത്രി;സമ്രാട്ട് ചൗധരി അധികാരമേറ്റു, JDUവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ

ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമ്രാട്ട് ചൗധരി
ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമ്രാട്ട് ചൗധരി

പട്‌ന: മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കുകയും നിതീഷ് കുമാറിന്റെ നീണ്ട ഭരണത്തിന് വിരാമമിടുകയും ചെയ്തു.

രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായിട്ടാണ് ബിജെപിക്ക് ബിഹാറിൽ മുഖ്യമന്ത്രി ഉണ്ടാകുന്നത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമർ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.

മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

മുങ്കേറിലെ താരാപ്പുരിൽനിന്നുള്ള നിയമസഭാംഗമായ 57-കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്.

ആർ.ജെ.ഡി.യിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സമ്രാട്ട് 2014-ൽ ജെ.ഡി.യു.വിൽ ചേർന്നു. 2017-ൽ ബി.ജെ.പി.യിലേക്ക് മാറി. 2023-ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. പിന്നാക്ക സമുദായത്തിൽനിന്നുള്ള നേതാവാണ്.

Content Highlights: Samrat Choudhary becomes the first BJP leader to hold the Bihar CM office., The transition marks the end of Nitish Kumar's long-standing administration