സച്ചിൻ അഹിർ, ആദിത്യ താക്കറെയുടെ വലംകൈ; കൂടുമാറി ഷിന്ദേയ്‌ക്കൊപ്പം, കൂറുമാറ്റം തുടരുന്നു

മുംബൈ: ശിവസേനയ്ക്ക് (യുബിടി) കനത്ത തിരിച്ചടി നൽകിക്കൊണ്ട്, മുതിർന്ന നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സച്ചിൻ അഹിർ ഉദ്ധവ് പക്ഷം വിട്ട് ഔദ്യോഗികമായി ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നു. ആദിത്യ താക്കറെയുടെ ഏറ്റവും വിശ്വസ്തനായി കരുതപ്പെട്ടിരുന്ന അഹിർ, പാർട്ടി മാറിയ ഉടൻ തന്നെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.
ഈ കൂടുമാറ്റത്തെ 'ഓപ്പറേഷൻ ടൈഗർ-3' എന്ന് വിശേഷിപ്പിച്ച ഷിന്ദെ പക്ഷം, വരുംദിവസങ്ങളിൽ ഉദ്ധവ് പക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പം ചേരുമെന്നും അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മുംബൈയിലെ ഉദ്ധവ് പക്ഷത്തിന്റെ അടിത്തറ ഇളക്കുന്ന നീക്കമായാണ് അഹിറിന്റെ കളംമാറ്റം വിലയിരുത്തപ്പെടുന്നത്. കൂടെനിന്നവർ വഞ്ചിച്ചതിലുള്ള കടുത്ത പ്രതിഷേധം ആദിത്യ താക്കറെ പങ്കുവെച്ചിട്ടുണ്ട്.
സച്ചിൻ അഹിർ വെറുമൊരു മുതിർന്ന ശിവസേന (യുബിടി) നേതാവ് മാത്രമായിരുന്നില്ല, മറിച്ച് മുംബൈയിൽ, പ്രത്യേകിച്ച് വർളി മണ്ഡലത്തിൽ ആദിത്യ താക്കറെയുടെ 'വലംകൈ' ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2019-ൽ ആദിത്യ താക്കറെ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അന്ന് എൻസിപിയിലായിരുന്ന അഹിറിനെ ശിവസേനയിലേക്ക് കൊണ്ടുവരികയും വർളിയുടെ പൂർണ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ആദിത്യയുടെ ഏറ്റവും അടുത്ത സഹായിയെയും മുംബൈയിലെ പ്രധാന തന്ത്രജ്ഞനെയും സ്വന്തം പാളയത്തിൽ എത്തിക്കുന്നതിലൂടെ ഉദ്ധവ് പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ തകർക്കാനാണ് ഏക്‌നാഥ് ഷിന്ദെ ശ്രമിക്കുന്നത്. ഈ സംഭവവികാസങ്ങൾ ആദിത്യ താക്കറെയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ശക്തിയെയാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ സംഘടനയെ ശക്തിപ്പെടുത്തുന്നുവെന്ന ഉദ്ധവ് താക്കറെയുടെ സമീപകാല അവകാശവാദങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
പാർട്ടി അഹിറിന് എല്ലാം നൽകിയിട്ടും അദ്ദേഹം പോയത് ജീവിതത്തിൽ പാലിക്കേണ്ട ചില തത്വങ്ങൾ അദ്ദേഹത്തിൽ ഇല്ലാത്തതുകൊണ്ടാണ് എന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രതികരണം. അഹിറിനെ തന്റെ അടുത്ത് കൊണ്ടുവരണമെന്നും എന്താണ് പാർട്ടി അയാൾക്ക് നൽകാതിരുന്നതെന്ന് തനിക്ക് നേരിട്ട് ചോദിക്കണമെന്നും ആദിത്യ പറഞ്ഞു.
'ഏതൊരു വ്യക്തിക്കും സ്വന്തമായി ചില ജീവിത തത്വങ്ങൾ ഉണ്ടായിരിക്കണം. പാർട്ടി നിങ്ങൾക്ക് എല്ലാം നൽകുന്നുണ്ടെങ്കിൽ, പ്രയാസകരമായ സമയങ്ങളിൽ പാർട്ടിക്കൊപ്പം നിൽക്കുകയാണ് വേണ്ടത്.' അദ്ദേഹം പറഞ്ഞു. 'അയാളെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ, പാർട്ടി നൽകാത്തത് എന്താണെന്ന് അയാളോട് ഞാൻ ചോദിക്കാം.' രോഷാകുലനായ ആദിത്യ പറഞ്ഞു.
അതേസമയം, സച്ചിൽ അഹിർ രാഷ്ട്രീയത്തിലെ 'തെണ്ടുൽക്കർ' ആണെന്നും അദ്ദേഹം ഒരു 'സിക്‌സർ അടിച്ചു' എന്നുമാണ് അഹിറിനെ സ്വാഗതം ചെയ്തുകൊണ്ട് ഷിന്ദെ അഭിപ്രായപ്പെട്ടു. 'അദ്ദേഹം താഴെത്തട്ടിലുള്ള ഒരു പ്രവർത്തകനാണ്, ആളുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെ ഇഷ്ടപ്പെടുന്നു. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും കഴിയുന്ന ഞങ്ങളുടെ കളിക്കാരനാണ് അദ്ദേഹം.' ഷിന്ദെ കൂട്ടിച്ചേർത്തു.
ഷിന്ദെയുടെ ഈ നീക്കത്തെ 'ഓപ്പറേഷൻ എമർജൻസി' എന്നാണ് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്ത് വിശേഷിപ്പിച്ചത്. 'സച്ചിൻ അഹിർ ശിവസേനയ്ക്ക് ഒരു പ്രധാന മുതൽക്കൂട്ടാണ്. അദ്ദേഹം കഠിനാധ്വാനിയായ ഒരു നേതാവാണ്, ഏക്‌നാഥ് ഷിന്ദെയുടെ നേതൃത്വത്തിന് കീഴിൽ അദ്ദേഹം ഞങ്ങളോടൊപ്പം വന്നിരിക്കുന്നു. ഇത് ഓപ്പറേഷൻ ടൈഗർ അല്ല. ഇത് ഏക്‌നാഥ് ഷിന്ദെ നടത്തിയ ഓപ്പറേഷൻ എമർജൻസിയാണ്.' ഷിർസാത്ത് പറഞ്ഞു.
'ഞങ്ങൾക്ക് എംവിഎ (MVA) സഖ്യത്തെ നശിപ്പിക്കാൻ താൽപ്പര്യമില്ല, എന്നാൽ അവരുടെ നേതാക്കൾ ഞങ്ങളോടൊപ്പം വരികയാണെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.' അഹിറിന്റെ നീക്കത്തിൽ ഉദ്ധവ് സേനയുടെ സഖ്യകക്ഷികൾ അത്ഭുതം പ്രകടിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എംവിഎ യോഗത്തിൽ അഹിർ പങ്കെടുത്തിരുന്നതായി പാർട്ടി നേതാവ് അമീൻ പട്ടേൽ പറഞ്ഞു. 'രണ്ട് ദിവസം മുമ്പ് നടന്ന എംവിഎ മീറ്റിംഗിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുകയായിരുന്നു, അദ്ദേഹം ഇത്തരമൊരു കാര്യം ചെയ്യുമെന്ന് എനിക്ക് ഒരു സൂചനയും ലഭിച്ചില്ല.' അമീൻ പറഞ്ഞു.
മഹായുതിക്കുള്ളിൽ നീലം ഗോർഹെ, കൃപാൽ തുമനെ തുടങ്ങിയ നേതാക്കൾ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ ഈ നേതാക്കളെ തഴഞ്ഞാണ് ഷിന്ദെ പ്രതിപക്ഷത്തുനിന്ന് വന്ന നേതാവിന് ഈ പ്രധാന പദവി നൽകിയത്.
അഹിറിന്റെ ഈ കൂടുമാറ്റം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഉദ്ധവ് സേനയിലെ ഒമ്പത് എംപിമാരിൽ ആറ് പേരും ഷിന്ദെ സേനയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ തിരിച്ചടിയും ഉണ്ടായിരിക്കുന്നത്. ആദിത്യ താക്കറെയ്ക്ക് ഏറ്റ 'വ്യക്തിപരവും രാഷ്ട്രീയവുമായ വലിയ പ്രഹരം' ഷിന്ദെ വിഭാഗം എംഎൽഎ മഹേന്ദ്ര ദാൽവി ഇതിനെ വിശേഷിപ്പിച്ചത്.
Content Highlights: Sachin Ahir, Aaditya Thackeray's close aide, joins Eknath Shinde's Shiv Sena. Ahir filed nomination for Deputy Chairperson of the Maharashtra Legislative Council. The move is labeled as 'Operation Tiger-3', signaling more defections from the UBT camp. Shinde bypasses his own party leaders to accommodate Ahir in a high-profile position. The defection weakens the UBT Sena's influence in the Worli constituency ahead of upcoming elections.