റബ്ബർവില 250 രൂപ കടന്നു, ആഭ്യന്തരവില 231 രൂപ; രണ്ടുവർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ കുതിപ്പ്

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ് 250 രൂപ കടന്നത്. ആഭ്യന്തരവില ആർ.എസ്.എസ്. നാലിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ചത് പ്രകാരം 231 രൂപയാണ്. വ്യാപാരിവില 230 വരെയും.
ബാങ്കോക്കിലെ വില 264 രൂപവരെ കുതിച്ചശേഷം 257 രൂപയായി. വാഹനവിപണിയിലുണ്ടായ മുന്നേറ്റം മുതലാക്കാൻ ടയർ കമ്പനികൾ കാര്യമായി ചരക്ക് ശേഖരിച്ചതാണ് വിലക്കയറ്റത്തിന് ഒരു കാരണം. റബ്ബർ അധിഷ്ഠിത യൂറോപ്യൻ-ചൈനീസ് കമ്പനികളും വലിയതോതിൽ ചരക്ക് വാങ്ങിക്കൂട്ടി. ക്രൂഡ് ഒായിൽ വിലകൂടിയത്, ജാപ്പനീസ് കറൻസിയുടെ ഇടിവ് തുടങ്ങിയ മറ്റുഘടകങ്ങളും വിപണിയിൽ പ്രതിഫലിച്ചു.
2021-നുശേഷം ചൈനീസ് കമ്പനികൾ ആസിയാൻ രാജ്യങ്ങളിൽ തുടങ്ങിയ റബ്ബർ അധിഷ്ഠിതവ്യവസായങ്ങൾ മികച്ചനിലയിൽ മുന്നേറുന്നുണ്ട്്. ഇവർക്കായി പ്രമുഖ ഉത്പാദകരാജ്യങ്ങളിൽനിന്നുതന്നെ റബ്ബർ ശേഖരിക്കുന്ന ഏജൻസികൾ നല്ലവില നൽകാൻ തയ്യാറായിട്ടുണ്ട്. ഇത് കൃഷിക്കാർക്കും ഉത്സാഹമേകി. എന്നാൽ, ഇൗ മുന്നേറ്റമൊന്നും ഇന്ത്യൻ വിപണിയിൽ കാര്യമായി പ്രതിഫലിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായ മുന്നേറ്റം ഇവിടെ ഉണ്ടായില്ല.
ടയർ കമ്പനികൾ നേരത്തേ തന്നെ ചരക്ക് ഇറക്കുമതിചെയ്ത് സംഭരിച്ചിരിക്കുന്നതും ഇവിടെ വേണ്ടത്ര ചരക്കില്ലാത്തതും വിനയായി. അതേസമയം തിരഞ്ഞെടുപ്പുകാലത്ത് റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ടും താങ്ങുവിലയും ചർച്ചയായത് പ്രതീക്ഷയാണെന്ന് ഉത്പാദകസംഘങ്ങളുടെ കൂട്ടായ്മ ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. ഏതുമുന്നണിവന്നാലും താങ്ങുവില ഉടൻ 300 രൂപ ആക്കുമെന്ന പ്രത്യാശ കൃഷിക്കാർക്കുണ്ട്.
Content Highlights: International rubber prices exceeded ₹250 in 2026., Global demand driven by tire companies and European/Chinese manufacturing., Indian domestic market fails to reflect international price surges., Farmers anticipate a hike in the support price to ₹300 during the 2026 election cycle.