മത്സരത്തിൽ ആൺകുട്ടികളോട് അടിവസ്ത്രം മാത്രം ധരിക്കാൻ ആവശ്യപ്പെട്ടു; ഗോവ സർവകലാശാലയിൽ വിവാദം, നോട്ടീസ്

ഗോവ സർവകലാശാല photo: PTI
ഗോവ സർവകലാശാല photo: PTI

പനാജി: പരിപാടിക്കിടെ വിദ്യാർഥികളോട് അടിവസ്ത്രം മാത്രം ധരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ ഗോവ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജൂലായ് 23-ന് മുമ്പായി കമ്മിഷന് മുമ്പിൽ വിശദീകരണം നൽകാനാണ് ഗോവ സർവകലാശാല വിസി ഹരിലാൽ ബി മേനോനോട് നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 'ഫ്രോളിക്' എന്ന പേരിൽ സർവകലാശാല സാംസ്കാരിക പരിപാടി നടത്തിയത്. ഈ പരിപാടിയുടെ ഭാഗമായി നടന്ന ഒരുമത്സരത്തിലാണ് ജൂറി അംഗങ്ങൾ ആൺകുട്ടികളോട് വസ്ത്രമഴിക്കാനും അടിവസ്ത്രം മാത്രം ധരിക്കാനും ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. 

വിഷയത്തിൽ കോളേജ് ഭരണസമിതി അന്വേഷണം നടത്തിയിരുന്നു. കുട്ടികൾക്കുണ്ടായ മാനസിക പീഡനം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

പെൺകുട്ടികളും അധ്യാപകരുമടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. ജൂറിയുടെ പ്രവൃത്തി എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും  പരിപാടിക്കിടെ ആർക്കും പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നില്ലെന്നും നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) നേതാവ് നൗഷാദ് ചൗധരി പറഞ്ഞു. സർവകലാശാല അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയും (GFP) രംഗത്തെത്തി. അതേസമയം, ഗോവ സർവകലാശാല വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ വെള്ളിയാഴ്ച സർവകലാശാല അവധിയായിരിക്കുമെന്ന് കാണിച്ച് സർക്കുലർ ഇറക്കിയിരുന്നു. 

Content Highlights: human rights panel issues notice to vc after students paraded in underwear during goauniversity fest