താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പിണറായി വിജയന്‍ | ഫോട്ടോ: അഖില്‍. ഇ.എസ്
പിണറായി വിജയന്‍ | ഫോട്ടോ: അഖില്‍. ഇ.എസ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

തന്റെ വാദം കേള്‍ക്കാതെയാണ്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയുടെ ഹര്‍ജി ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. 

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നല്‍കണമെന്നും വിധിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്.

ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ  ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഐഎച്ച്ആര്‍ഡി വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlights: