ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് പ്രതികാരംചെയ്യാന്‍ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതി ആഗ്രഹിച്ചിരുന്നു- റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിലെ ചാവേര്‍ ബോംബറായി മാറിയ ഉമര്‍ മുഹമ്മദ്, 2016-ല്‍ സുരക്ഷാ സേന വധിച്ച ഭീകരന് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ മൊഡ്യൂളിലെ ഡോ. മുസമില്‍ ഷക്കീല്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളതെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഉമര്‍, തന്റെ മൊഡ്യൂളില്‍ ഉള്‍പ്പെട്ട മറ്റ് വൈറ്റ് കോളര്‍ തീവ്രവാദികളായ ഡോക്ടര്‍മാരോട് താന്‍ അവരുടെ ഭരണാധികാരിയാണെന്നും നേതാവാണെന്നും പറയുമായിരുന്നു. താന്‍ ഏതാണ്ട് രാജകുമാരനെപ്പോലെയാണെന്ന് പറഞ്ഞ് 'അമീര്‍' എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിയാണയിലെ ഫരീദാബാദില്‍ നിന്നും അല്‍-ഫലാഹ് സര്‍വകലാശാലയില്‍നിന്ന് പിടിയിലായ സ്ഫോടനക്കേസ് പ്രതികളായ വൈറ്റ് കോളര്‍ മൊഡ്യൂളിലെ അംഗങ്ങളെ ചോദ്യംചെയ്യുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുസമില്‍ ഷക്കീലിന്റെ മൊഴിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍നിന്നുള്ള പുരോഹിതനായ മൗലവി ഇര്ഫാന് അഹമ്മദ് വഴി ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വ്യക്തിയാണ് മുസമില്‍ ഷക്കീല്‍.
ഉമര്‍ ഉന്‍ നബിയുടെ പദവിയും അനുഭവവും താരതമ്യം ചെയ്യുമ്പോള്‍ താന്‍ ഒരു 'വെറും തൊഴിലാളി' മാത്രമാണെന്നാണ് മുസമിലിന്റെ മൊഴി. ഉമര്‍ ഉന്‍ നബിക്ക് ഒമ്പത് ഭാഷകള്‍ അറിയാമായിരുന്നു. ഭീകര സംഘടനയിലെ ഏറ്റവും വിദ്യാസമ്പന്നനും ബുദ്ധിമാനുമായ വ്യക്തിയും ഉമറായിരുന്നു. എളുപ്പത്തില്‍ ഒരു ആണവ ശാസ്ത്രജ്ഞനാകാന്‍ സാധ്യതയുള്ള ഒരാളായിട്ടാണ് മുസമില്‍ ഷക്കീല്‍, ഉമറിനെ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ അന്തരീക്ഷം മുസ്ലീങ്ങള്‍ക്ക് ദോഷകരമാണെന്നും ധ്രുവീകരണം സാധാരണമാണെന്നും വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ തയ്യാറായിരിക്കണമെന്നും ഉമര്‍ ഉന്‍ നബി പലപ്പോഴും ഭീകരവാദ മൊഡ്യൂളിലെ മറ്റ് അംഗങ്ങളോട് പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും 2023 ജൂലൈയില്‍ ഹരിയാനയിലെ മേവാത്ത്-നുഹ് മേഖലയില്‍ നടന്ന വര്‍ഗീയ കലാപവുമെല്ലാം ഉമര്‍ ഉന്‍ നബിയെ നിരാശനാക്കിയെന്നും മുസമില്‍ നല്കിയ മൊഴിയിലുണ്ട്.
Content Highlights: Report: Red Fort blast accused Umar un Nabi sought revenge for terrorist Burhan Wani`s killing. Doctor module member reveals details. Read more.