ദസറ ആഘോഷത്തിനിടെ രാവണത്തലകള്‍ കത്തിയില്ല: ഛത്തിസ്ഗഡില്‍ ഉദ്യാഗസ്ഥർക്ക് സസ്പെന്ഷന്, നോട്ടീസ്

ഛത്തീസ്ഗഡ്: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച രാവണ പ്രതിമയിലെ തലകള്‍ കത്താത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരേ ധംതാരി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടി. ക്ലര്‍ക്കായ രാജേന്ദ്ര യാദവിന് സസ്പെന്‍ഷനും മറ്റു നാലു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുമാണ് നല്‍കിയത്.
വിജയദശമി നാളില്‍ രാജ്യത്താകെ തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമായി രാവണന്റെ പ്രതിമകള്‍ കത്തിക്കാറുണ്ട്. ബുധനാഴ്ച്ച രാത്രി രാംലീല മൈതാനിയില്‍ നടന്ന ദസറ ആഘോഷത്തില്‍ രാവണന്റെ കോലം കത്തിച്ചതില്‍ പിഴവുണ്ടായതിനെ തുടര്‍ന്നാണ് നടപടി.
ധംതാരിയില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത് മുനിസിപ്പല്‍ കോര്‍പ്പറേഷനായിരുന്നു. എന്നാല്‍ രാവണന്റെ കോലം മുഴുവന്‍ കത്തിയെങ്കിലും തലയ്ക്ക് തീപ്പിടിച്ചില്ല. കോലം നിര്‍മിച്ചതില്‍ പിഴവുണ്ടായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത്. ഇതിന്റെ പേരില്‍ മറ്റ് നാലുപേര്‍ക്ക് കാരണം കോണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
Content Highlights: Ravan Heads Remained Unburnt, Chhattisgarh Clerk Punished, Dussehra