യുപിയിലെ 250 കോടിയുടെ 'രാഷ്ട്ര പ്രേരണാ സ്ഥൽ' വീണ്ടും വെള്ളത്തിനടിയിൽ: ഡ്രെയിനേജ് സംവിധാനം പാളിയെന്ന് ആക്ഷേപം

#ന്യൂസ് ഡെസ്ക്
രാഷ്ട്ര പ്രേരണാ സ്ഥലിൽ വെള്ളം കയറിയപ്പോൾ | Photo: ANI
രാഷ്ട്ര പ്രേരണാ സ്ഥലിൽ വെള്ളം കയറിയപ്പോൾ | Photo: ANI

ലഖ്നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച രാഷ്ട്ര പ്രേരണാ സ്ഥലിൽ വെള്ളം കയറി. കനത്തമഴയായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടത്. മഴ നിലച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പാർക്കിലെ വെള്ളം വലിഞ്ഞിട്ടില്ല. ഈ വർഷം ഇത് രണ്ടാം തവണയാണ് പാർക്ക് വെള്ളത്തിനടിയിലാകുന്നത്. പാർക്കിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പോരായ്മയാണ് വെള്ളം കയറിയതിന് പിന്നിലെന്നാണ് ആക്ഷേപം.

250 കോടി ചിലവിൽ 65 ഏക്കറിലാണ് പാർക്ക് നിർമ്മിച്ചത്. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025ലായിരുന്നു പാർക്ക് നാടിന് സമർപ്പിച്ചത്. ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകൾ ഈ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 98,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന താമരയുടെ ആകൃതിയിലുള്ള അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയുടെ ദേശീയ പ്രയാണത്തെയും നേതാക്കളുടെ സംഭാവനകളെയും മ്യൂസിയം പ്രദർശിപ്പിക്കുന്നു.