കാലുകൾ വെട്ടിയത് CPM എന്ന് സി. സദാനന്ദൻ; കൃത്രിമക്കാലുകൾ മേശപ്പുറത്തുവെച്ചു, ഗണഗീതം പാടി

#ന്യൂസ് ഡെസ്‌ക്
Photo: Screengrab/ sansad tv
Photo: Screengrab/ sansad tv

ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ സഭയുടെ മേശപ്പുറത്തുവെച്ച ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്റെ നടപടിക്കു പിന്നാലെ സഭയിൽ തർക്കം. തന്റെ കാലുകൾ വെട്ടിമാറ്റിയത് സിപിഎം ആണെന്ന് ആരോപിച്ച സദാനന്ദൻ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് നടത്തിയത്.

ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളയുകയായിരുന്നു. അതിനാൽ എഴുന്നേറ്റുനിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സദാനന്ദൻ തന്റെ കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ചത്.

തനിക്കും ബലമുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഉപയോഗിക്കുന്നത് ഈ വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവരാണ് 31 വർഷം മുൻപ് തന്നെ ആക്രമിച്ചത്. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം അണികൾ തന്റെ ഇരുകാലുകളും വെട്ടിയെടുത്തുവെന്നും സദാനന്ദൻ സഭയിൽ പറഞ്ഞു.

സദാനന്ദൻ പ്രസംഗം തുടങ്ങിയതിനു പിന്നാലെ തന്നെ സഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ചത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നതെന്നും ബ്രിട്ടാസ്, സദാനന്ദനെ ചൂണ്ടിക്കാട്ടി മറുപടി നൽകി.

പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ സദാനന്ദനോട് ആവശ്യപ്പെട്ടു. കാലുകൾ മാറ്റിയതിനു പിന്നാലെ സദാനന്ദൻ സഭയിൽ ഗണഗീതം ആലപിക്കുകയും ചെയ്തു.

ചർച്ചയ്ക്കിടെ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും സദാനന്ദൻ വിമർശനം ഉന്നയിച്ചു. യുവാക്കൾ നാടുവിടുന്നതുമൂലം കേരളം ഒരു വൃദ്ധസദനമായി മാറുകയാണെന്നും ശബരിമലയിൽ സർക്കാരിന്റെ അനുമതിയോടെ കൊള്ള നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പരാമർശങ്ങളും സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

Content Highlights: BJP MP C Sadanandan placed his prosthetic legs on the Rajya Sabha table, alleging CPM violence. Sparks controversy and debate over democracy and past attacks. Read details.