രാജ്യസഭാ എം.പിയെ പുറത്താക്കി ബി.ജെ.ഡി.; പിന്നാലെ ബി.ജെ.പിയിൽ ചേർന്ന് നേതാവ്

ന്യൂഡൽഹി: രാജ്യസഭാ എം.പി. സുജീത് കുമാറിനെ ബി.ജെ.ഡി. (ബിജു ജനതാ ദൾ) യിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് നടപടി. തന്നെ രാജ്യസഭയിലേക്ക് അയച്ച പാർട്ടിയെയും കലഹണ്ടി ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും സുജീത് കുമാർ നിരാശപ്പെടുത്തിയെന്ന് പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായിക് പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ സുജീത് കുമാർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. കുമാർ രാജ്യസഭയിൽ നിന്നും രാജി വച്ചതായി ബി.ജെ.പിയുടെ മുഖ്യ വക്താവ് അനിൽ ബലൂനി പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ രാജി രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ സ്വീകരിച്ചതായി ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
Content Highlights: Rajya Sabha MP Sujeet Kumar expelled by BJD