ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം; രാജ്യസഭയിൽ ബഹളം, അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി. എം.പി. സുഷ്മിതാ ദേവാണ് ‘ലുങ്കീവാലാ’ പരാമർശം നടത്തിയത് സഭയിൽ വൻ ബഹളത്തിന് ഇടയാക്കി. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി.
പരാമർശത്തെത്തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും ബഹളവുമുണ്ടായി. സഭാനടപടികൾ തടസ്സപ്പെട്ടതോടെ അധ്യക്ഷൻ ഇടപെട്ടു. സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കരുതെന്ന് അധ്യക്ഷൻ അംഗങ്ങൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ സംസ്കാരം വൈവിധ്യമാർന്ന പ്രാദേശിക സ്വത്വങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബഹളത്തെത്തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവെച്ചു.
അതേസമയം, എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതിയെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് ജെ.പി. നഡ്ഡ സഭയിൽ വ്യക്തമാക്കി. തങ്ങൾ ഇതിനെ ‘ലുങ്കി’യെന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുഷ്മിതാ ദേവിന് പറയാനുള്ള കാര്യങ്ങൾ കൂടി സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയിൽ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു വിവാദമായ പരാമർശം ഉണ്ടായത്. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിതാ ദേവ് അദ്ദേഹത്തെ ആവർത്തിച്ച് ‘ലുങ്കീവാലാ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. ഇത് അബദ്ധത്തിൽ പറഞ്ഞുപോയതല്ലെന്നും ദക്ഷിണേന്ത്യക്കാർക്കെതിരായ ബോധപൂർവമായ സാംസ്കാരിക അധിക്ഷേപമാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.
Content Highlights: Rajya Sabha was adjourned following a massive uproar after CPI(M) member John Brittas filed a privilege notice against BJP MP Sushmita Dev for allegedly making a derogatory 'Lungiwala' remark against him during parliamentary proceedings.