4000 മെട്രിക് ടൺ കൽക്കരി അപ്രത്യക്ഷമായി; മഴയിൽ ബംഗ്ലാദേശിലേക്ക് ഒലിച്ചുപോയെന്ന് മേഘാലയ മന്ത്രി

ഷില്ലോങ്: മേഘാലയയില്‍ നാലായിരം മെട്രിക് ടണ്‍ കല്‍ക്കരി ഡിപ്പോകളില്‍നിന്ന് കാണാതായ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സംസ്ഥാന കാബിനറ്റ് മന്ത്രി കിര്‍മെന്‍ ഷൈല്ല. മണ്‍സൂണ്‍ മഴയില്‍ കല്‍ക്കരി ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് മന്ത്രിയുടെ വിശദീകരണം.
റാണികോര്‍ ബ്ലോക്കില്‍ രജജുവിലെയും ദിയെന്‍ഗ്നാന്‍ ഗ്രാമങ്ങളിലെ ഡിപ്പോകളിലായിരുന്നു നാലായിരം ടണ്‍ കല്‍ക്കരി സൂക്ഷിച്ചിരുന്നത്. ഇത് കാണാതായ സംഭവത്തില്‍ മേഘാലയ ഹൈക്കോടതി ഇടപെടുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കല്‍ക്കരി അനധികൃതമായി നീക്കം ചെയ്യപ്പെട്ടതില്‍ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാണ് മേഘാലയ എന്ന കാര്യം നാം മറക്കരുത്. ഈ കനത്തമഴ കാരണം, എന്തും സംഭവിക്കാം. മേഘാലയയിലെ മഴ കാരണമാണ് അസമിലും കിഴക്കന്‍ ജയന്തിയ മലകളിലും വെള്ളപ്പൊക്കമുണ്ടാകുന്നത് എന്നൊരു ആരോപണമുണ്ട്. മഴവെള്ളം ബംഗ്ലാദേശിലേക്ക് ഒഴുകുന്നുണ്ട്. മഴയില്‍ കല്‍ക്കരി ഒലിച്ചുപോയിട്ടുണ്ടാകാം, മന്ത്രി ഷില്ലോങ്ങില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, മഴയെ മാത്രം താന്‍ കുറ്റം പറയുന്നില്ലെന്നും അനധികൃതമായി കല്‍ക്കരി അവിടെനിന്ന് നീക്കം ചെയ്‌തെന്ന് പറയാന്‍ തന്റെ പക്കല്‍ തെളിവുകളില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: rain washed it away says meghalaya minister on coal missing controversy