കോൺഗ്രസിൽ രാഹുൽ- പ്രിയങ്ക തർക്കം? റെയ്ഹാനെ പിന്തുണച്ച് രാഹുൽ ഒരു ട്വീറ്റ് പോലും ചെയ്തില്ല-ആരോപണവുമായി BJP

ന്യൂഡൽഹി: സഹോദരങ്ങളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിയ്ക്കുമിടയിൽ അസ്വാരസ്യങ്ങളെന്ന ആരോപണവുമായി ബിജെപി. പ്രിയങ്കയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ നീക്കംചെയ്ത നടപടി വിവാദമായിട്ടും വിഷയത്തിൽ രാഹുൽ പ്രതികരിക്കാത്തതിനെച്ചൂണ്ടിയാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം.
കോൺഗ്രസിൽ പ്രിയങ്കയും രാഹുലും നേർക്കുനേരെയാണെന്ന് പ്രദീപ് ഭണ്ഡാരി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. റെയ്ഹാന്റെ, ബിക്കാനീർ ഹൗസിലെ ഫോട്ടോ പ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ, അവരുടെ നയങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തിരുന്നു. തുടർന്ന് സംഭവം വിവദമാവുകയും ചെയ്തു. പിന്നാലെയാണ് ബിജെപിയുടെ ആരോപണം.
‘റെയ്ഹാൻ വാദ്ര ബിക്കാനീർ ഹൗസിന് അയച്ച കത്ത് പ്രിയങ്ക വാദ്രയുടെയും കോൺഗ്രസ് പാർട്ടിയുടെയും കള്ളം വെളിച്ചത്താക്കുന്നതാണെന്ന് പ്രദീപ് ഭണ്ഡാരി ട്വീറ്റിൽ ആരോപിച്ചു.
‘ജൂൺ പത്താം തീയതി റെയ്ഹാൻ വാദ്ര ബിക്കാനീർ ഹൗസിന് അയച്ച ഇമെയിലിലും പ്രൊപ്പോസലിലും വ്യക്തമാക്കിയിരുന്നത് പ്രകൃതി, വന്യജീവി, കലാസൃഷ്ടികൾ, ശിൽപവിദ്യ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനമായിരിക്കുമെന്നും രാഷ്ട്രീയ ഉള്ളടക്കമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ പ്രൊപ്പോസൽ ജൂൺ മുപ്പതാം തീയതി ബിക്കാനീർ ഹൗസ് അംഗീകരിക്കുകയും മറുപടി അയക്കുകയും ചെയ്തിരുന്നു.’
‘ബുക്കിങ്ങുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെക്കുറിച്ച് റെയ്ഹാന് അറിവുണ്ടായിരുന്നു. അതിനാലാണ്, മൂന്നുകൊല്ലമായി തയ്യാറാക്കിക്കൊണ്ടിരുന്ന തന്റെ പ്രദർശനത്തെക്കുറിച്ചുള്ള ആദ്യ ആലോചനയിൽ രാഷ്ട്രീയ ഉള്ളടക്കമില്ലാതിരുന്നത്. രാഷ്ട്രീയ പ്രവേശനത്തിനായുള്ള കുടുംബത്തിന്റെ സമ്മർദത്തെത്തുടർന്ന് രാഷ്ട്രീയചിത്രങ്ങൾ പിന്നീട് ഉൾപ്പെടുത്തി. അവ നീക്കം ചെയ്യാൻ ബിക്കാനീർ ഹൗസ് ഒക്ടോബർ 21-ന് ആവശ്യപ്പെട്ടു, ഭണ്ഡാരി പറഞ്ഞു.
ഒരു വിവാദം സൃഷ്ടിച്ച് അതിലൂടെ തന്റെ മകനെ മെല്ലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതിനായിരുന്നു പ്രിയങ്കയുടെ ശ്രമം. അവർക്ക് രാഹുൽ ഗാന്ധിയിലുള്ള രാഷ്ട്രീയ വിശ്വാസം നഷ്ടപ്പെട്ടു. വിയറ്റ്നാമിലിരുന്ന് സൂര്യന് കീഴിലുള്ള സകലവിഷയത്തെ കുറിച്ചും രാഹുൽ ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെ റെയ്ഹാന് അനുകൂലമായ ഒരു ട്വീറ്റുപോലും ഇതുവരെ ഇല്ല. കോൺഗ്രസിൽ രാഹുലും പ്രിയങ്കയും നേർക്കുനേരാണ്., എന്നാണ് പ്രദീപ് ഭണ്ഡാരിയുടെ എക്സിലെ കുറിപ്പ്.
Content Highlights: BJP claims friction between Rahul Gandhi and Priyanka Gandhi., Controversy arose after political photos were removed from Reyhan Vadra's exhibition at Bikaner House., BJP spokesperson Pradeep Bhandari pointed out Rahul's silence on the issue., Allegations suggest Priyanka is trying to launch Reyhan into politics.