തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

#ന്യൂസ് ഡെസ്ക്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: ANI
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: ANI

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും സുപ്രീംകോടതിയിൽ ഹർജിനൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.

ഇന്ത്യ സഖ്യത്തിനുകീഴിൽ ആയിരക്കണക്കിന് പ്രവർത്തകർ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നൽകാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയും ഹർജിക്കാരെപ്പോലെ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഹർജി നൽകാനുള്ള സമയപരിധിയായ വൈകീട്ട് 4.30-നുമുൻപ് രാഹുലിന് കോടതിയിലെത്താൻ കഴിയാത്തതിനാൽ അഭിഭാഷകൻ എസ്. പ്രസന്ന മുഖേനയാണ് ഹർജി നൽകിയത്.

ഇന്ത്യ സഖ്യത്തിന്റെ ഹർജിയിൽ പ്രധാന ഹർജിക്കാരൻ രാഹുലാണ്. കോൺഗ്രസ്, ഇന്ത്യ സഖ്യ കക്ഷികളിൽനിന്നുള്ള 10 നേതാക്കളെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ഹർജിയിലുൾപ്പെട്ട ഈ പ്രമുഖർ.

ഹർജി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ പിഴവുകളുണ്ടെങ്കിൽ അവ തിരുത്തി ചൊവ്വാഴ്ചതന്നെ വാദംകേൾക്കുന്നതിനായി കേസ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിച്ചേക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഹർജി സമർപ്പിച്ചാൽ അടുത്ത ദിവസംതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

എസ്.ഐ.ആർ. നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച തീരുമാനങ്ങളിൽ മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ നിരവധി എതിർപ്പുകളുന്നയിച്ചിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ഗ്യാനേഷിനെതിരേ നിരവധി ഹർജികൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും പേരുകൾ നീക്കംചെയ്ത് വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടിയാണ് എസ്.ഐ.ആർ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച പല തീരുമാനങ്ങളും മറ്റ് രണ്ട് കമ്മിഷണർമാരെ അറിയിക്കാതെയാണ് കൈക്കൊണ്ടതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായത്.

Content Highlights: Rahul Gandhi and INDIA bloc leaders filed a Supreme Court petition against CEC Gyanesh Kumar., The petition challenges the mass deletion of voters under the Special Intensive Revision (SIR) exercise.