ഇത്തവണ മോദിക്ക് ഒളിച്ചോടാനാകില്ല, എല്ലാ രാജ്യസ്നേഹികളും സമരത്തിന്റെ ഭാഗമാകുക- ആഹ്വാനവുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുമ്പിൽ കോൺഗ്രസ് നടത്തുന്ന ധർണയിൽ രാജ്യസ്നേഹികളായ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് ആഹ്വാനംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ വിദ്യാർഥികളുടെ ശബ്ദം ഒരുകാരണവശാലും മാറ്റിവെക്കാൻ കഴിയില്ല. മറുപടി പറയാതെ ഒളിച്ചോടാമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. ഇത്തവണ അത് നടക്കില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
'വിദ്യാർഥികൾക്കെതിരായ ആക്രമണം, രാജ്യത്തെ ഓരോ കുടുംബത്തിനെതിരായ ആക്രമണമാണ്. ഉത്തരംനൽകാതെ രക്ഷപ്പെടാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നത്. എപ്പോഴത്തേയുംപോലെ ഇത്തവണ അത് നടക്കില്ല. വിദ്യാർഥികൾക്ക് നീതിലഭിക്കണമെന്ന് കരുതുന്ന, ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയോടും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനടക്കുന്ന ധർണയുടെ ഭാഗമാകാൻ ഞാൻ ആവശ്യപ്പെടുകയാണ്. രാജ്യത്തെ വിദ്യാർഥികളുടെ ശബ്ദം അവഗണിക്കാനാകില്ല', രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലുള്ള ധർണ ശക്തിപ്രാപിക്കുകയാണ്. പുറത്തുനിന്നുള്ളവരും ധർണയുടെ ഭാഗമാകാൻ എത്തുകയാണ്. പ്രദേശത്ത് വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അനുനയനീക്കത്തിനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല.
അനുനയ നീക്കവുമായി എത്തിയ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിന് മുമ്പിൽ അഞ്ച് ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി മുമ്പോട്ട് വെച്ചതെന്നാണ് റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമം സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യുക, വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തുക, ചോദ്യപേപ്പർ ചോർച്ചമൂലം ദുരിതത്തിലായി വിദ്യാർഥികൾക്കും സമരത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇവയിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിയെ അറിയിച്ചിരിക്കുന്നത്.
Content Highlights: Rahul Gandhi calls for nationwide participation in the protest at the PM's residence., Demands include the resignation of Education Minister Dharmendra Pradhan., Request for a parliamentary debate on police action against students in the presence of Amit Shah., Central Minister Jitendra Singh's mediation attempt failed to resolve the standoff.