പ്രവാചകനെതിരായ പരാമര്ശത്തില് ഭീഷണി: നുപൂര് ശര്മയ്ക്ക് തോക്ക് ലൈസന്സ് നല്കി

ന്യൂഡല്ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരായ പരാമര്ശം നടത്തി വിവാദത്തിലായ ബിജെപി മുന് വക്താവ് നുപൂര് ശര്മയ്ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്സ് നല്കി. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂര് ശര്മ നല്കിയ അപക്ഷയില് ഡല്ഹി പോലീസാണ് തോക്ക് ലൈസന്സ് അനുവദിച്ചത്.
കഴിഞ്ഞ വര്ഷം ഒരു ചാനല് സംവാദത്തിനിടെയാണ് നുപൂര് ശര്മ വിവാദ പരാമര്ശം നടത്തിയത്. ഇതേ തുടര്ന്ന് അന്താരാഷ്ട്ര തലത്തിലടക്കം പ്രതിഷേധങ്ങളുയര്ന്നിരുന്നു. നിരുത്തരവാദ പരാമര്ശം പിന്വലിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധങ്ങള്ക്കിടെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവര് പരാതി നല്കിയത്.
വിവാദ പരാമര്ശത്തില് വിവിധ സംസ്ഥാനങ്ങളില് രജിസ്റ്റര് ചെയ്ത കേസുകള് ഭീഷണിയുടെ സാഹചര്യത്തില് ഒന്നിച്ച് ക്ലബ്ബ് ചെയ്യുന്നതിനും സുപ്രീംകോടതി നിര്ദേശം നല്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില് യാത്ര ചെയ്യുന്നതിന് ഭീഷണിയുണ്ടെന്ന് നുപൂര് ശര്മ ചൂണ്ടിക്കാട്ടിയതിനെ തുടര്ന്നായിരുന്നു കോടതി നടപടി.
നുപൂര് ശര്മയെ സാമൂഹിക മാധ്യമങ്ങളില് പിന്തുണച്ചവര്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഒന്നിലധികം പേര് കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചാണ് ഡല്ഹി പോലീസ് തോക്ക് ലൈസന്സ് നല്കിയത്. വിവാദ പരാമര്ശങ്ങള്ക്ക് ശേഷം പൊതുപരിപാടികളിലൊന്നും നുപൂര് ശര്മ പ്രത്യക്ഷപ്പെടാറില്ല.
Content Highlights: Prophet Comment Row-Nupur Sharma gets gun license