പരീക്ഷാക്രമക്കേട് ആരോപിച്ച് നിരാഹാരം: ജാമ്യവ്യവസ്ഥ തള്ളി പ്രശാന്ത് കിഷോർ ജയിലിലേക്ക്

പ്രശാന്ത് കിഷോര്‍ പോലീസ് കസ്റ്റഡിയില്‍ | Photo: PTI
പ്രശാന്ത് കിഷോര്‍ പോലീസ് കസ്റ്റഡിയില്‍ | Photo: PTI

പട്‌ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട ജന്‍ ജന്‍സുരാജ് പാര്‍ട്ടി നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ ജയിലിലേക്ക്. തിങ്കളാഴ്ച രാവിലെ അറസ്റ്റുചെയ്യപ്പെട്ട പ്രശാന്ത് കിഷോര്‍ ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഭാവിയില്‍ പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കരുതെന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

ഡിസംബര്‍ 13-ന് നടന്ന ബി.പി.എസ്.സി. പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് പുനഃപരീക്ഷ നടന്നിരുന്നു. ജനുവരി നാലിനാണ് ബി.പി.എസ്.സി. 70-ാമത് കംബെയ്ന്‍ഡ് പ്രിലിമിനറി കോംപറ്റീറ്റീവ് പരീക്ഷ വീണ്ടും നടന്നത്. 22 സെന്ററുകളിലായി നടന്ന പുനഃപരീക്ഷയില്‍ 5,943 ഉദ്യോഗാര്‍ഥികള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ആകെ 12,012 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

പുനഃപരീക്ഷയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി. ബി.പി.എസ്.സി. ഓഫീസിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം അക്രമാസക്തമായി. പിന്നാലെ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ പ്രശാന്ത് കിഷോര്‍ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാവിലെയോടെയാണ് പട്‌ന ഗാന്ധി മൈതാനത്തുനിന്ന് പ്രശാന്ത് കിഷോര്‍ അറസ്റ്റിലായത്. ജാമ്യമനുവദിച്ച കോടതി 25,000 രൂപ കെട്ടിവെക്കാനും ഭാവിയില്‍ പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കരുതെന്നും ഉപാധി വെച്ചു. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രശാന്ത് കിഷോറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പോലീസ് തന്നോട് മോശമായി പെരുമാറിയതായി പ്രശാന്ത് കിഷോര്‍ ആരോപിച്ചു.

Content Highlights: Prashant Kishor, arrested for protesting BPSC exam irregularities, rejected bail conditions