കനത്ത മൂടൽമഞ്ഞ്: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; ബംഗാളിലെ ചടങ്ങിന് ഓൺലൈൻ ഉദ്ഘാടനം

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo:PTI

കൊൽക്കത്ത: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പ്രധാനമന്ത്രി മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് പശ്ചിമ ബംഗാളിലെ താഹെർപുരിൽ ഇറങ്ങാനായില്ല. ബിജെപി സംഘടിപ്പിച്ച 'പരിവർത്തൻ സങ്കൽപ് സഭ' റാലിയിൽ പങ്കെടുക്കാനാകാതെവന്നതോടെ അദ്ദേഹം വെർച്വൽ ആയി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ താഹെർപുരിലായിരുന്നു പരിപാടി. രാവിലെ 10:40-നായിരുന്നു റാലിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യാത്രതിരിച്ചത്. പ്രധാനമന്ത്രി എത്തിയപ്പോൾ പ്രദേശത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. കാഴ്ചപരിധി കുറഞ്ഞതിനാൽ ഹെലികോപ്റ്റർ ഇറക്കാനാകാതെ ഹെലികോപ്റ്റർ താഹെർപുരിൽനിന്ന് കൊൽക്കത്ത വിമാനത്താവളത്തിലേക്കുതന്നെ മടങ്ങി. തുടർന്ന് കാലാവസ്ഥ മെച്ചപ്പെടുമോ എന്നറിയാൻ അദ്ദേഹം വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന്, നേരിട്ട് വേദിയിലെത്താൻ സാധിക്കാത്തതിൽ അദ്ദേഹം ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുകയും വെർച്വൽ മാർഗത്തിലൂടെ ചടങ്ങ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. 3,200 കോടി രൂപയുടെ ദേശീയപാതാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ ശനിയാഴ്ച തറക്കല്ലിട്ടത്. ഇതിൽ നാദിയ ജില്ലയിലെ എൻ.എച്ച്-34 (NH-34) ലെ 66.7 കിലോമീറ്റർ ദൈർഘ്യമുള്ള ബാരാ ജഗുലി- കൃഷ്ണനഗർ സെക്ഷന്റെ നാലുവരി പാതയുടെ ഉദ്ഘാടനവും ഉൾപ്പെടുന്നു.

തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും പശ്ചിമ ബംഗാളിലെ അയൽ ജില്ലകളുമായും അയൽരാജ്യങ്ങളുമായും മികച്ച ബന്ധം സ്ഥാപിക്കാനും ഈ വികസന പദ്ധതികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിലെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ശനിയാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിലേക്ക് തിരിക്കും. ഗുവാഹത്തിൽ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Content Highlights: Prime Minister Narendra Modi`s helicopter couldn`t land in Nadia due to dense fog. He addressed a rally virtually after inaugurating development projects.