ആസിയാൻ ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് അത്യപൂർവ്വ വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി

മനീല: ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-കലാ പാരമ്പര്യം വിളിച്ചോതുന്ന അത്യപൂർവ്വ വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ പശ്മിന, പട്ട് പരവാതാനികൾ, രാജസ്ഥാനിലെ പിച്ചവായ് ചിത്രങ്ങൾ, ഗുജറാത്തിലെ രോഗൻ കല തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ പ്രതിഫിലപ്പിക്കുന്ന സമ്മാനങ്ങളാണ് അദ്ദേഹം ലോകനേതാക്കൾക്ക് നൽകിയത്.
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന് കശ്മീരിലെ പ്രകൃതിഭംഗിയും ചിനാർ ഇലകളും ജ്യാമിതീയ രൂപങ്ങളും ചിത്രീകരിച്ച പരമ്പരാഗത കശ്മീരി സിൽക്ക് പരവാതാനിയാണ് മോദി സമ്മാനിച്ചത്. മാസങ്ങളെടുത്ത് കൈകൊണ്ട് നെയ്തെടുത്തതാണ് ഈ പരവതാനി. ഫസ്റ്റ് ലേഡി ലൂയിസ് അരാനെറ്റ-മാർക്കോസിന് ചാങ്താങ്ഗി ആടുകളുടെ രോമം ഉപയോഗിച്ച് നിർമ്മിച്ച മൃദുവായ പശ്മിന ഷാളും സമ്മാനിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജസ്ഥാനിലെ നാഥദ്വാരയിൽ നിന്നുള്ള, പ്രശസ്തമായ 'ഗോൾഡൻ പിച്ചവായ്' ചിത്രകലയാണ് പ്രധാനമന്ത്രി നൽകിയത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് രാജസ്ഥാനിൽ നിന്നുള്ള സവിശേഷമായ ജയ്പുർ ബ്ലൂ പോട്ടറി കലാവസ്തുവും സമ്മാനിച്ചു. ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചിക്ക് വാരണാസി കടൻ സിൽക്ക് ഷാൾ, സധേലി കരകൗശല പെട്ടിയിൽ നൽകിയപ്പോൾ, ലാവോസ് പ്രധാനമന്ത്രിക്ക് രാജസ്ഥാനിലെ റോസ് വെള്ളാരങ്കല്ലിൽ തീർത്ത ആനയുടെ രൂപമാണ് നൽകിയത്.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റിന് 'ഡോക്ര' ബോട്ട് ശില്പവും ഇൻഡൊനീനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് ചോള വെങ്കല ശില്പവുമാണ് സമ്മാനിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് വെള്ളിപ്പണികളുള്ള പരമ്പരാഗത 'ഉരുളി' നൽകിയപ്പോൾ, തായ്ലൻഡ് പ്രധാനമന്ത്രിക്ക് ഗുജറാത്തിലെ കച്ചിൽ നിന്നുള്ള അപൂർവ്വ 'രോഗൻ' ആർട്ട് പെയിന്റിങാണ് സമ്മാനമായി നൽകിയത്.
ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൾകിയയ്ക്കും മ്യാൻമറിനും കർണാടകയിലെ ബീദറിൽ നിന്നുള്ള ജി.ഐ ടാഗുള്ള പരമ്പരാഗത വെള്ളിവെച്ച ബീദ്രി വെയർ പാത്രങ്ങൾ സമ്മാനിച്ചു. തിമോർ-ലെസ്റ്റ് പ്രധാനമന്ത്രി ഷനാന ഗുഷ്മോയ്ക്ക് ഗുജറാത്തിലെ ഖംഭാതിൽ നിന്നുള്ള അപൂർവ്വ അഗേറ്റ് കല്ലിൽ തീർത്ത പാത്രവും, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹങ്ങിന് പരമ്പരാഗത ഇന്ത്യൻ ലെതർ വാൾ ഹാങിങുമാണ് നൽകിയത്.