സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങളുമായി മോദി

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുനേരിടുന്നതിനായി ഭരണപരമായ കാര്യങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം.
സർക്കാർ ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചുവപ്പുനാടകൾ ഇല്ലാതെ നടപടികൾ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മന്ത്രിമാർ മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം കാരണം ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ബദൽ ഊർജ മാർഗ്ഗങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രി നിർദേശിച്ചു. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ ബയോഗ്യാസ്, സൗരോർജം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാല് രൂപയോളം വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ അനാവശ്യമായ ഇന്ധന ഉപഭോഗം കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കണമെന്നും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നതതല മന്ത്രിതല സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ, എനർജി, എൽപിജി ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: PM Modi mandates administrative efficiency and transparency to clear pending government files., Focus on alternative energy sources like biogas and solar to mitigate crude oil supply risks., Emphasis on economic discipline amid rising petrol and diesel prices., Strategic goal to achieve a developed nation status by 2047 remains the core vision.