അതീഖ് അഹ്‌മദിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിൽ നിർമിച്ച ഫ്‌ളാറ്റിൽ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം, രാഷ്ട്രീയ വിവാദം

പ്രയാഗ്‌രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ദീപാവലിക്ക് സമാനമായ ആഘോഷമൊരുക്കി, ഗുണ്ടാത്തലവനും സമാജ് വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹ്‌മദിൽനിന്ന് പിടിച്ചെടുത്ത അനധികൃത ഭൂമിയിൽ നിർമിച്ച ഫ്‌ളാറ്റുടമകൾ. പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമിച്ച 76 ഫ്‌ളാറ്റുകൾ ദീപങ്ങളാൽ അലങ്കരിക്കും.
പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി തലചായ്ക്കാനിടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദീപാവലി മാതൃകയിൽ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത് നല്ല കാര്യമാണെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഭൂമി പിടിച്ചെടുത്ത സർക്കാർ നടപടിയിൽ ബിജെപിയും സമാജ്വാദി പാർട്ടിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന വേളയിൽ ഇത്തരമൊരു ആഘോഷം വിഷയത്തിന് രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.
ഭൂമി പിടിച്ചെടുക്കലും മറ്റുനടപടികളും വർഗീയ മനോഭാവത്തോടെയാണ് ബിജെപി നടപ്പിലാക്കുന്നതെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ഭൂമാഫിയകൾക്കെതിരായ നടപടികൾ ഏതാനും ചില കേസുകളിൽ മാത്രമായി സർക്കാർ ഒതുക്കുകയാണെന്ന് പറഞ്ഞ സമാജ് വാദി പാർട്ടി, ലഖ്നൗ, ജൗൻപൂർ, മിർസാപൂർ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലുടനീളമുള്ള പ്രധാന ഭൂമാഫിയകൾക്കെതിരെ നടപടിയെടുക്കാനും, പിടിച്ചെടുക്കുന്ന ഭൂമി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനും സർക്കാരിനെ വെല്ലുവിളിച്ചു. ലഖ്നൗവിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് ആരാണെന്ന് പറയാൻ ധൈര്യമുണ്ടോയെന്നും എസ്പി വക്താവ് മനോജ് കാക ചോദിച്ചു.
അതേസമയം അതീഖ് അഹ്മദിന്റെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് നിർമിച്ച ഫ്ളാറ്റ് മുസ്ലിങ്ങൾക്കടക്കമാണ് നൽകിയതെന്ന് ബിജെപി വാദിച്ചു. സർക്കാർ മതാടിസ്ഥാനത്തിലല്ല ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ബിജെപി നേതാവ് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ഫ്ളാറ്റ് ഉടമകൾ അവരുടെ ഇഷ്ടപ്രകാരമാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Flats built on gangster Atiq Ahmed's seized land in Prayagraj illuminated like Diwali for PM Modi's birthday., 76 flats constructed under Pradhan Mantri Awas Yojana for poor families., Political controversy sparked between BJP and Samajwadi Party over the land takeover and beneficiary selection.