കെെക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, ഗാങ് വാർ, തകർന്ന ക്രമസമാധാനം- പഞ്ചാബിൽ AAPയെ കടന്നാക്രമിച്ച് മോദി

ചണ്ഡീഗഢ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരേ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലന്ധറിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഎപിയെ അദ്ദേഹം കട്ടർ ബേയിമാൻ പാർട്ടി (സത്യസന്ധത തീർത്തും ഇല്ലാത്ത പാർട്ടി) എന്ന് വിളിക്കുകയും ചെയ്തു. നേരത്തെ തീർത്തും സത്യസന്ധമായ പാർട്ടി (കട്ടർ ഇമാൻദാർ പാർട്ടി) ആണ് എഎപി എന്ന് നാഷണൽ കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയെ വിശേഷിപ്പിച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചാണ് തീർത്തും സത്യസന്ധതയില്ലാത്ത പാർട്ടിയാണ് എഎപി എന്ന് മോദി വിശേഷിപ്പിച്ചത്.
‘പഞ്ചാബിൽ കൈക്കൂലി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രിയെ പുറത്താക്കി. മറ്റൊരു മന്ത്രി കള്ളപ്പണം വെളുപ്പിക്കൽ കേസ് നേരിടുകയാണ്. അവരുടെ എംഎൽഎമാർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെടുകയാണ്, എഎപിയുടെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു. പഞ്ചാബ് ഭരിക്കുന്ന പാർട്ടി ഇപ്പോൾ അറിയപ്പെടുന്നത് കട്ടർ ബേയിമാൻ പാർട്ടി എന്നാണ്, മോദി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്രമസമാധാന നില കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്നും മോദി ആരോപിച്ചു. എവിടെ എപ്പോഴാണ് ഒരു ഗാങ്വാർ പൊട്ടിപ്പുറപ്പെടുകയെന്നോ വെടിയുണ്ട എവിടെനിന്ന് പറന്നെത്തുമെന്നോ ആർക്കും പ്രവചിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇടയ്ക്കിടെ ആക്രമിക്കപ്പെടുമെന്നതിനാൽ പോലീസ് സ്റ്റേഷൻ പോലും സുരക്ഷിതമല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു. വികസിതവും സമൃദ്ധി നിറഞ്ഞതുമായ പഞ്ചാബിനെ നിർമിക്കാൻ ബിജെപി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത കൊല്ലം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനൊരുങ്ങുകയാണ് പഞ്ചാബ്.
Content Highlights: PM Modi labels AAP as 'Kattar Baimaan' party due to ongoing corruption allegations., Highlights deteriorating law and order, specifically citing rising gang wars in Punjab., Claims even police stations are unsafe under the current administration., Urges voters to support BJP for a developed and prosperous Punjab ahead of the 2026 elections.