വിമാനത്തിന് സാങ്കേതികത്തകരാര്‍; മറ്റൊരു വിമാനത്തില്‍ ഡല്‍ഹിക്ക് തിരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചതിനേത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ മറ്റൊരു വിമാനത്തില്‍ ഝാര്‍ഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വിമാനത്തിന് ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍വെച്ച് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ യാത്ര രണ്ട് മണിക്കൂറോളം വൈകിയത്. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് അയച്ച വ്യോമസേനയുടെ മറ്റൊരു വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചുപോകാനായി മോദി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സാങ്കേതികത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സാങ്കേതിക വിദഗ്ധര്‍ വിമാനം പറപ്പിച്ചപ്പോഴാണ് സാങ്കേതിക പ്രശ്നമുള്ളതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നിലത്തിറക്കുകയായിരുന്നു. സാങ്കേതികപ്രശ്നം പരിഹരിക്കുന്നതുവരെ വിമാനം എയര്‍പോര്‍ട്ടില്‍ത്തന്നെ തുടരുന്നതിനാല്‍ മോദിയുടെ ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഝാര്‍ഖണ്ഡില്‍ ഇന്ന് രണ്ട് തിരഞ്ഞെടുപ്പു റാലികളിലാണ് മോദി പങ്കെടുത്തത്. ഗോത്രവര്‍ഗ നേതാവായ ബിര്‍സ മുണ്ടയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജന്‍ജാതീയ ഗൗരവ് ദിവസ് പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു റാലികള്‍. ഝാര്‍ഖണ്ഡില്‍ നവംബര്‍ 20-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ സന്ദര്‍ശനം.
Content Highlights: PM Leaves Jharkhand In Air Force Plane After Snag Grounds His Aircraft