എപ്സ്റ്റീൻ ബന്ധം; ബിൽ ഗേറ്റ്സുമായി കേന്ദ്രമന്ത്രിതലത്തിൽ കൂടിക്കാഴ്ച വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ലൈംഗികക്കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായി കേന്ദ്രമന്ത്രിതലത്തിൽ കൂടിക്കാഴ്ച വേണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 19-ന് ഡൽഹിയിൽ ബിൽ ഗേറ്റ്‌സിനൊപ്പം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കെടുക്കാനിരുന്ന ചടങ്ങിനാണ് വിലക്കുണ്ടായതെന്നാണ് സൂചന.
വിദേശകാര്യമന്ത്രാലയത്തിന്റെ എ.എം.എസ്. (അമേരിക്കാസ്) ഡിവിഷനാണ് വാണിജ്യമന്ത്രാലയത്തിന് നിർദേശം നൽകിയതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. മന്ത്രിതലയോഗം മാത്രമല്ല, ഒരുമിച്ചു വേദിപങ്കിടുന്നതും ഒഴിവാക്കണമെന്നായിരുന്നു നിർദേശം. അമേരിക്ക, കാനഡ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് എ.എം.എസ്. ഡിവിഷൻ.
അന്താരാഷ്ട്രതലമുള്ള പരിപാടിയായതിനാൽ വിദേശകാര്യമന്ത്രാലയത്തിന്റെ പരിശോധന ആവശ്യമുള്ളതിനാലാണ് കേന്ദ്ര വാണിജ്യമന്ത്രാലയം അഭിപ്രായം തേടിയത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ശതാബ്ദിയുെട ഭാഗമായിരുന്നു ചടങ്ങ്. വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ലഭിച്ചതിനുപിന്നാലെ ചടങ്ങ് മാറ്റി.
ഫെബ്രുവരി 16-ന് ആന്ധ്രപ്രദേശിൽ എത്തിയ ബിൽ ഗേറ്റ്‌സ് 19-ന് ഡൽഹിയിലെ എ.ഐ. ഉച്ചകോടിയിലും പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അവസാനനിമിഷം പിന്മാറി. ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് എത്തുമെന്ന അറിയിപ്പ് പുറത്തുവന്നപ്പോൾ വിവാദമുയർന്നിരുന്നു.
Content Highlights: India's External Affairs Ministry advised the Commerce Ministry against a ministerial meeting with Bill Gates. The primary concern was Gates' alleged association with convicted sex offender Jeffrey Epstein. The planned event involved Union Minister Piyush Goyal and was part of FICCI's centenary celebrations. Following the ministry's advice, the minister's joint appearance with Gates was averted.