ആര്‍.എസ്.എസിനെ പ്രശംസിച്ച് ശരദ് പവാര്‍; രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന് ഫഡ്നവിസ്

നാഗ്പുർ: രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന് എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ ആർ.എസ്.എസ്. പ്രശംസയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികൾ പ്രചരിപ്പിച്ച വ്യാജവാർത്തകളെ മറികടക്കാൻ ആർ.എസ്.എസിന് കഴിഞ്ഞതാണ് പവാറിന്റെ പ്രശംസയ്ക്ക് കാരണമായതെന്നും ഫഡ്‌നവിസ് പറഞ്ഞു.
ഭരണഘടന പൊളിച്ചെഴുതാനും സംവരണം അവസാനിപ്പിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുനേടാൻ ബി.ജെ.പി. ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങളുമായി വരുംതിരഞ്ഞെടുപ്പുകളിലും മുന്നോട്ടുപോകാമെന്ന് അവർ ധരിക്കുകയും ചെയ്തു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിവിധ പോഷകസംഘടനകളിലെ അംഗങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ച് ഈ വ്യാജപ്രചാരണത്തിന്റെ ബലൂൺ പൊട്ടിച്ചു. ശരദ് പവാർ വളരെ ബുദ്ധിമാനാണ്. അദ്ദേഹം തീർച്ചയായും ഈ വശം പഠിക്കുകയായിരുന്നു. ആർ.എസ്.എസ്. ഒരു സാധാരണ രാഷ്ട്രീയശക്തിയല്ലെന്നും ഒരു ദേശീയശക്തിയാണെന്നും അദ്ദേഹം മനസ്സിലാക്കി. ഏതൊരു മത്സരത്തിലും മറ്റുള്ളവരെ പ്രശംസിക്കുന്നത് നല്ലതാണെന്നും ഫഡ്‌നവിസ് പറഞ്ഞു.
‘‘2019 മുതൽ 2024 വരെ സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങൾക്കുശേഷം എനിക്ക് ഒരുകാര്യം മനസ്സിലായി. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. ഉദ്ധവ് താക്കറെ അവിടെ പോവുന്നു, അജിത് പവാർ ഇവിടെവരുന്നു. ഇതുപോലെ എന്തും സംഭവിക്കാം. ചിലപ്പോൾ നമുക്ക് എതിരാളികളെ പുകഴ്ത്തേണ്ടിവരും. അതായിരിക്കാം പവാർ ചെയ്തത്. ഇങ്ങനെയൊന്നും നടക്കില്ലെന്നുകരുതിയാൽ പിന്നെ രാഷ്ട്രീയപ്രവർത്തനത്തിന് വലിയ പ്രസക്തിയില്ല’’ -ഫഡ്നവിസ് പറഞ്ഞു.
ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തോടുള്ള സമർപ്പണത്തെ പ്രശംസിച്ച് കഴിഞ്ഞ ദിവസം ശരദ് പവാർ രംഗത്തെത്തിയിരുന്നു. ദക്ഷിണ മുംബൈയിൽ നടന്ന യോഗത്തിൽ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വസംഘടന അവരുടെ പ്രത്യയശാസ്ത്രത്തോട് അചഞ്ചലമായ വിശ്വസ്തത കാണിക്കുകയും അവരുടെ പാതയിൽനിന്ന് ഒരുകാരണവശാലും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഷാഹു മഹാരാജ്, മഹാത്മ ഫൂലെ, ബി.ആർ. അംബേദ്കർ, യശ്വന്ത് റാവു ചവാൻ എന്നിവരുടെ പ്രത്യയശാസ്ത്രത്തോട് ചേർന്നുനിൽക്കാനും പ്രതിജ്ഞാബദ്ധമായ ഒരു കേഡർ അടിത്തറയുണ്ടാക്കാനും നമുക്കുകഴിയണമെന്ന് ശരദ്പവാർ പറഞ്ഞു.
‘ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നമ്മൾ അലംഭാവം കാണിച്ചു. അതേസമയം ഭരണസഖ്യം (ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള മഹായുതി) പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. പ്രധാന വോട്ടുബാങ്കായ ഒ.ബി.സി. വിഭാഗത്തിന്റെ ഉന്നമനത്തിനായി എന്താണുചെയ്തതെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടു’. -പവാർ പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 50 ശതമാനം ടിക്കറ്റുകൾ പുതുമുഖങ്ങൾക്ക് പാർട്ടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Maharashtra CM Fadnavis reacts to NCP leader Sharad Pawar`s praise for RSS