രാഹുലിനെക്കാള്‍ ജനപ്രിയന് മോദിയെന്ന പരാമര്‍ശം; കാര്‍ത്തി ചിദംബരത്തിന് കാരണം കാണിക്കല്‍ നോട്ടീസ്

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും ലോക്സഭാ അംഗവുമായ കാര്‍ത്തി ചിദംബരത്തിന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. 'രാഹുല്‍ഗാന്ധിയേക്കാള്‍ ജനകീയനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി' എന്ന പ്രസ്താവനയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് തമിഴ്നാട് ഘടകം നോട്ടീസ് നല്‍കിയത്. തമിഴ് വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കാര്‍ത്തിയുടെ പരാമര്‍ശം. മുന്‍ എം.എല്‍.എ കെ.ആര്. രാമസ്വാമി നല്കിയ നോട്ടീസില്‍, 10 ദിവസത്തിനകം മറുപടി നല്‍കാനാണ് കാര്‍ത്തി ചിദംബരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തനിയ്ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസിയതയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കോണ്‍ഗ്രസ് നേതൃത്വം പോരടിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, ഒരു പാര്‍ലമെന്റ് അംഗത്തിന് നോട്ടീസയക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയ്ക്കുമാത്രമേ അധികാരമുള്ളൂവെന്ന് കാര്‍ത്തിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി കാര്‍ത്തി ചിദംബരം വരുന്നത് തടയുകയെന്ന ലക്ഷ്യവും നോട്ടീസയച്ചതിന് പിന്നിലുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Content Highlights: Party's show cause notice to Karti Chidambaram