പന്നൂൻ വധശ്രമക്കേസ്: ഇന്ത്യൻ പൗരന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകൾ സർക്കാർ പരിശോധിക്കുമെന്ന് മോദി വ്യക്തമാക്കി. ചില സംഭവങ്ങൾ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയില്ലെന്ന് യുകെ ആസ്ഥാനമായുള്ള ദി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അഭിമുഖത്തിനിടെ, വിദേശത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവർ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് സുരക്ഷാ, ഭീകരവിരുദ്ധ സഹകരണം എന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
യു.എസ്. പൗരനും സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവുമായ പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത പങ്കാളിയായെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വധശ്രമക്കേസിൽ നിഖിൽ ഗുപ്ത(52)യ്ക്കെതിരേ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലാണ് പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചത്. പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 30 ന് ചെക്ക് അധികൃതർ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ഡൽഹിയിലുള്ള ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബർ 29-ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച യു.എസിന്റെ കുറ്റപത്രത്തിൽ പറയുന്നു.
ദേശിയ സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളായതിനാൽ ഇത്തരം കാര്യങ്ങൾ ഇന്ത്യ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും വിവിധ വകുപ്പുകൾ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. യു.എസ്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡിസംബർ ഏഴിന് അറിയിച്ചിരുന്നു.
Content Highlights: Pannun assassination attempt case Prime Minister responds to arguments about Indian citizen's role