പഴനി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 192 കിലോഗ്രാം സ്വര്‍ണം, ബാങ്കിലേക്ക് മാറ്റും

പഴനിമല ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച 192 കിലോഗ്രാം സ്വര്‍ണം ദേവസ്വംബോര്‍ഡ് മന്ത്രി പി.കെ. ശേഖര്‍ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ബി.ഐ. അധികൃതര്‍ക്ക് കൈമാറുന്നു | Photo: Mathrubhumi
പഴനിമല ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച 192 കിലോഗ്രാം സ്വര്‍ണം ദേവസ്വംബോര്‍ഡ് മന്ത്രി പി.കെ. ശേഖര്‍ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ബി.ഐ. അധികൃതര്‍ക്ക് കൈമാറുന്നു | Photo: Mathrubhumi

പഴനി: പഴനിക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ചത് 192.984 കിലോഗ്രാം സ്വര്‍ണാഭരണം. ഇവ ശുദ്ധമായ സ്വര്‍ണമാക്കിമാറ്റി സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ സൂക്ഷിക്കുന്നതിന് എസ്.ബി.ഐ.ക്ക് കൈമാറി. ദേവസ്വംബോര്‍ഡ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പഴനിമല ക്ഷേത്രത്തില്‍നടന്ന ചടങ്ങിലാണ് സ്വര്‍ണം നല്‍കിയത്.

പഴനിദേവസ്വം ട്രസ്റ്റ് ബോര്‍ഡിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ 2025 ഏപ്രില്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ആനയെ വഴിപാടായി നല്‍കിയാല്‍ സ്വീകരിക്കും. പഴനിമല ക്ഷേത്രത്തില്‍ മലേഷ്യ, ജപ്പാന്‍ രാജ്യങ്ങളിലുള്ളതുപോലെ നവീനരീതിയിലുള്ള രണ്ടാമത്തെ റോപ്പ് കാര്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു .

ഭക്ഷ്യസുരക്ഷാവകുപ്പ് മന്ത്രി ആര്‍. ചക്രപാണി, പഴനി എം.എല്‍.എ. ഐ.പി. സെന്തില്‍ കുമാര്‍, വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആര്‍. മാല, ദേവസ്വംബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രമോഹന്‍, ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ പി.എന്‍. ശ്രീധര്‍, ആര്‍. സുകുമാര്‍, എന്‍. തിരുമകള്‍, എം. കാര്‍ത്തിക്, മാരിമുത്തു, വെങ്കിടേഷ്, ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Palani Temple receives 192.98 kg gold, to be deposited in Bank