'ഭീകരരെ ഇല്ലാതാക്കാന്‍ ഞാന്‍ ശ്രമിച്ചു; എന്റെ മകന്‍ എങ്ങനെ ഭീകരനാകും ?'- മരിച്ച യുവാവിന്റെ പിതാവ്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രദേശവാസികളുടെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം | Photo: PTI
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രദേശവാസികളുടെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം | Photo: PTI

ശ്രീനഗര്‍: ഹൈദര്‍പോറ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആമിര്‍ മാഗ്രേ ഭീകരരെ സഹായിച്ചുവെന്ന പോലീസ് വാദം നിഷേധിച്ച് പിതാവ് മുഹമ്മദ് ലത്തീഫ് മാഗ്രേ. വര്‍ഷങ്ങളോളം ഭീകരരെ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ച ആളാണ് താനെന്നും, തന്റെ മകന്‍ എങ്ങനെയാണ് ഭീകരനാവുമെന്നും അദ്ദേഹം ചോദിച്ചു. 

ജമ്മു കശ്മീരിലെ ഹൈദര്‍പോറയില്‍ സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ രണ്ട് പേര്‍ പ്രദേശവാസികളാണ്. ഇവര്‍ ഭീകരരെ സഹായിച്ചവരാണെന്നായിരുന്നു പോലീസ് വാദം. എന്നാല്‍ പോലീസിന്റെ ഈ വാദത്തിനെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

തന്റെ മകനെ ഭീകരന്‍ എന്നുവിളിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് മുഹമ്മദ് ലത്തീഫ് പറഞ്ഞത്. ' ബനിഹല്‍, റംബാന്‍ മേഖലകളില്‍ ഭീകരര്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ആളായിരുന്നു താന്‍, സുരക്ഷാ ജീവനക്കാരുമൊത്തുള്ള ഓപ്പറേഷനിലൂടെ നിരവധി ഭീകരരെ താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കശ്മീര്‍ ഗവര്‍ണറുടെ പക്കലില്‍ നിന്ന് പുരസ്‌കാരം വാങ്ങിയിട്ടുണ്ടെന്നുമാണ് ലത്തീഫ് അവകാശപ്പെടുന്നത്. 

ഒരിക്കല്‍ ഒരു ഭീകരനുമായി തര്‍ക്കങ്ങള്‍ ഉണ്ടായി. അന്ന് തന്നെ കൊലപ്പെടുത്താനായി വന്നപ്പോള്‍ താന്‍ ഒരു ഭീകരനെ കല്ലുകൊണ്ട് അടിച്ചുകൊന്നിട്ടുണ്ട്. 2005ലായിരുന്നു ഇത്. അതിനുശേഷം തനിക്ക് സുരക്ഷാ ഭീഷണി ഉണ്ട്. തന്നെ തേടിയെത്തിയ ഭീകരര്‍ ആളുമാറി ബന്ധുക്കളെ കൊലപ്പെടുത്തി. അന്ന് രക്ഷപ്പെട്ടോടി കാലങ്ങളോളം ഉദ്ധംപുരിലാണ് താമസിച്ചത്. പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ജമ്മുവിലേക്ക് തിരിച്ചെത്തിയിട്ട് 11 വര്‍ഷങ്ങള്‍ കഴിയുന്നു. അന്ന് മുതല്‍ തനിക്കും തന്റെ വീടിനും സുരക്ഷാസേനയുടെ കാവലുണ്ട്. 

അത്തരമൊരു ഭൂതകാലമുള്ള തന്റെ മകനെ പോലീസ് ഭീകരനെന്ന് വിളിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നു ലത്തീഫ് പറഞ്ഞു. മകന്റെ മൃതദേഹമെങ്കിലും കാണാനായി ശ്രീനഗറിലെത്തിയപ്പോള്‍ അത് സാധിക്കില്ലെന്നും സംസ്‌കരിച്ചുകഴിഞ്ഞുവെന്നുമാണ് പോലീസ് പറഞ്ഞത്. മകന്റെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം തന്നുവെന്നും ലത്തീഫ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

ജീവിതത്തിന്റെ അവസാനം വരെ ഭീകരരോട് പോരാടുന്ന ഒരു പിതാവിന്റെ മകനെ എങ്ങനെയാണ് തീവ്രവാദി എന്നു വിളിക്കുക, അത് സാധ്യമല്ല. ഞങ്ങള്‍ ഇന്ത്യാക്കാരാണെന്നും ലത്തീഫ് പറഞ്ഞു. മകന്റെ മൃതദേഹമെങ്കിലും വിട്ട് തന്ന് മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ലത്തീഫിന്റേയും കുടുംബത്തിന്റേയും ആവശ്യം. 

Content Highlights: