ആദിവാസി, ദളിത് വിഭാഗങ്ങളിൽനിന്ന് ഇതുവരെ മിസ് ഇന്ത്യ ഉണ്ടായിട്ടില്ലെന്ന് രാഹുൽ; 'ബാലബുദ്ധി'യെന്ന് BJP

രാഹുൽ ഗാന്ധി, കിരൺ റിജിജു | Photo: ANI, PTI
രാഹുൽ ഗാന്ധി, കിരൺ റിജിജു | Photo: ANI, PTI

ന്യൂഡൽഹി: മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദളിതരോ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവയോട്, 'ബാല ബുദ്ധി' എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കുട്ടിത്തംനിറഞ്ഞ പെരുമാറ്റം ചിലപ്പോൾ നല്ലൊരു വിനോദമായിരിക്കാം. എന്നാൽ പിന്നാക്കവിഭാഗക്കാരെ മുൻനിർത്തിയുള്ള തമാശ വേണ്ടെന്നും കിരൺ റിജിജു പറഞ്ഞു.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന പരിപാടിയിലായിരുന്നു രാഹുലിന്റെ പരാമർശം. ജാതി സെൻസസ് വേണമെന്ന ആവശ്യമുന്നയിച്ച രാഹുൽ ഗാന്ധി, രാജ്യത്തെ 90 ശതമാനം വരുന്ന ജനതയുടെ പ്രാതിനിധ്യമില്ലാതെ രാജ്യത്തിന് ശരിയായവിധത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

മിസ് ഇന്ത്യ പട്ടിക പരിശോധിച്ചു. അതിൽ ദളിതർ, ആദിവാസികൾ, ഒ.ബി.സി, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽനിന്നുള്ളവരാരും ഉണ്ടായിരുന്നില്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നു, ചിലർ ബോളിവുഡിനെക്കുറിച്ചും. എന്നാൽ, ചെരുപ്പുകുത്തിയേക്കുറിച്ചോ പ്ലംബറെക്കുറിച്ചോ ആരും സംസാരിക്കുന്നില്ല. മാധ്യമങ്ങളിലെ അവതാരകരിൽ എറ്റവും മുൻനിരയിലുള്ളവർതന്നെ ഈ 90 ശതമാനത്തിൽ നിന്നുള്ളവരല്ല, രാഹുൽ ഗാന്ധി പറഞ്ഞു.

90 ശതമാനത്തോളം വരുന്ന ഈ ജനവിഭാഗങ്ങളിൽനിന്ന് എത്രപേരാണ്  വിവിധ സ്ഥാപനങ്ങളിലും കോര്‍പറേറ്റ് കമ്പനികളിലും സിനിമാ മേഖലയിലും മിസ് ഇന്ത്യ പോലുള്ള മത്സരങ്ങളിലും പങ്കാളികളാകുന്നതെന്ന് അറിയേണ്ടതുണ്ട്. ഈ 90 ശതമാനത്തിന് ഇതിലൊന്നും ഭാഗഭാക്കാകാന്‍ സാധിക്കുന്നില്ല. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണ്, രാഹുല്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരേയാണ് കിരൺ റിജിജു രംഗത്തെത്തിയത്. 'ഇപ്പോൾ അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരത്തിൽ, സിനിമയിലും കായികമത്സരത്തിലുമൊക്കെ സംവരണം വേണമെന്നാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനകൾ 'ബാല ബുദ്ധി'യുടെ പ്രശ്നം മാത്രമല്ല. അദ്ദേഹത്തിനായി ജയ് വിളിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കുട്ടിത്തംനിറഞ്ഞ ഇത്തരം പെരുമാറ്റം ചിലപ്പോൾ നല്ലൊരു വിനോദമായിരിക്കാം. എന്നാൽ പിന്നോക്കവിഭാഗക്കാരെ മുൻനിർത്തിയുള്ള തമാശ വേണ്ട, കിരൺ റിജിജു പറഞ്ഞു.

സര്‍ക്കാര്‍ അല്ല ഒളിംപിക്‌സിലേക്കും സിനിമയിലേക്കുമൊന്നും ആളുകളെ തിരഞ്ഞെടുക്കുന്നത്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയെയും ഒബിസി വിഭാഗത്തിൽപ്പെട്ട പ്രധാനമന്ത്രിയെയും എസ്.സി, എസ്.ടി വിഭാഗങ്ങളില്‍നിന്നുള്ള നിരവധിയായ മന്ത്രിമാരെയും അദ്ദേഹം കാണുന്നില്ല.

Content Highlights: No Dalit In Miss India Says Rahul Gandhi Kiren Rijiju Blames Bal Buddhi